കാഠ്‌മണ്ഡു: ജെൻ സി പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ പ്രസിഡൻറ് രാം ചന്ദ്ര പൗഡേലും രാജിവെച്ചു. സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പ്രധാനമന്ത്രി കെപി ശർമ ഓലിയുടെ പിന്നാലെ പ്രസിഡന്റും രാജിയുടെ വഴി സ്വീകരിക്കുകയായിരുന്നു. പ്രക്ഷോഭകർ നേപ്പാൾ സുപ്രീം കോടതി സമുച്ചയത്തിന് തീയിട്ടതായി റിപ്പോർട്ടുകളുണ്ട്. കാഠ്‌മണ്ഡു മേയർ ബാലേന്ദ്ര ഷാ ഇടക്കാല സർക്കാരിനെ നയിക്കണമെന്നും പ്രക്ഷോഭകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .
അക്രമം തുടരുന്നതിനാൽ തലസ്ഥാനമായ കാഠ്‌മണ്ഡു ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ കർഫ്യു തുടരുകയാണ്. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചിട്ടുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യയും കാഠ്‌മണ്ഡുവിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ചിരിക്കുന്നുകയാണ്.
അതേസമയം നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് വിദേശമന്ത്രാലയം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹെൽപ് ലൈനും ആരംഭിച്ചിട്ടുണ്ട്. സംഘർഷം തീരുന്നത് വരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാർ പോകരുതെന്നും വിദേശ കാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വാട്ടസ്ആപ് ഫേസ്ബുക് ഉൾപ്പടെയുള്ള 26 സമൂഹ മാധ്യമ വെബ്‌സൈറ്റുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ സൈറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.
ഇതോടെ ആയിരക്കണക്കിന് യുവജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. യൂണിഫോം ശരിച്ച വിദ്യാർഥികളടക്കം ആയിരങ്ങൾ കാഠ്‌മണ്ഡുവിലെ പാർലിമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. “അഴിമതിയാണ് നിർത്തേണ്ടത്, സമൂഹ മാധ്യങ്ങളെയല്ല” എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളേകാർഡുകൾ ഉയർത്തിയിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിച്ചതോടെ അധികൃതർ പാർലമെന്റിന് ചുറ്റും കർഫ്യു ഏർപ്പെടുത്തി. ജലപീരങ്കികളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുള്ള നീക്കമാണെന്ന് സർക്കാർ നടപടിയെന്ന് വിമർശിച്ചാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്.
നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെൻസി (ജനറേഷൻ സെഡ്) ബാനറുമായി പാർലമെൻറ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർ വിരുദ്ധ മുദ്രാവാക്യമുയർത്തിയിരുന്നു. പ്രക്ഷോഭത്തിനിടെ യുവാക്കൾ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചിരുന്നു.
ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർധിച്ചതായി ചൂണ്ടിക്കാട്ടി ജൂലൈയിൽ നേപ്പാൾ സർക്കാർ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ അംഗീകരിച്ചതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയിരുന്ന ഒൻപത് മാസത്തെ വിലക്ക് സർക്കാർ നീക്കിയിരുന്നു. എന്നാൽ മെറ്റയും എക്‌സും ഗൂഗിളുമടക്കം കമ്പനികളുടെ കീഴിലുള്ള സമൂഹ മാധ്യമങ്ങൾ നേപ്പാൾ സർക്കാരിന്റെ നിർദേശം തള്ളി



