പാണ്ടിക്കാട് കവർച്ചാക്കേസ്: മുഖ്യസൂത്രധാരനടക്കം അഞ്ച് പേർ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം പത്തായി

മലപ്പുറം: പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ മർദ്ദിച്ചവശരാക്കി കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒടായിക്കൽ സ്വദേശി അഫിൻ, മമ്പാട് സ്വദേശി മുഹമ്മദ് ഷിഹാൻ, കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദുൾ റൗഫ്, കൊണ്ടോട്ടി സ്വദേശി സവാദ്, മഞ്ചേരി പുല്ലാര സ്വദേശി ഉമ്മർ എന്നിവരാണ് പുതുതായി പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം പത്തായി. ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് പർദ്ദ ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി കവർച്ച നടത്തിയത്. മതിൽ ചാടിക്കടന്ന് അകത്തെത്തിയ അക്രമികൾ അബ്ദുവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ആക്രമണത്തിൽ അബ്ദുവിനും ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും പരിക്കേറ്റിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് അക്രമി സംഘം കാറിൽ രക്ഷപ്പെട്ടത്. കേസിന്റെ മുഖ്യസൂത്രധാരനടക്കം ഇപ്പോൾ പോലീസിന്റെ വലയിലായിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കവർച്ചാ സംഘത്തിന്റെ പിന്നിലെ കൂടുതൽ വിവരങ്ങളും മറ്റു സമാന കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്കും വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്. പ്രദേശത്ത് ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ രാത്രികാല പട്രോളിംഗ് ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles