തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 140 മണ്ഡലങ്ങളിലായി നടന്ന പോളിംഗിന്റെ വോട്ടെണ്ണൽ നാളെ (മെയ് 4, തിങ്കളാഴ്ച) രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹവും ഭരണമാറ്റമെന്ന യുഡിഎഫ് പ്രതീക്ഷയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ അന്തിമ വിധി നാളത്തെ വോട്ടെണ്ണലിലൂടെ പുറത്തുവരും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.
നാളെ രാവിലെ എട്ട് മണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. തുടർന്ന് 8:30 ഓടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണാൻ തുടങ്ങും. വോട്ടെണ്ണൽ സുഗമമാക്കുന്നതിനായി സംസ്ഥാനത്തുടനീളം 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 140 റിട്ടേണിംഗ് ഓഫീസർമാരും 1,340 അഡീഷണൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 12 മുതൽ 14 വരെ ടേബിളുകളാണ് ഇവിഎം എണ്ണാനായി സജ്ജീകരിച്ചിരിക്കുന്നത്. സുതാര്യത ഉറപ്പാക്കുന്നതിനായി ഓരോ റൗണ്ടിലും തിരഞ്ഞെടുത്ത രണ്ട് ഇവിഎമ്മുകളിലെ വോട്ടുകളും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് (VVPAT) സ്ലിപ്പുകളും കർശനമായി പരിശോധിക്കും.
സംസ്ഥാനത്ത് ഇക്കുറി രേഖപ്പെടുത്തിയത് 79.63 ശതമാനം പോളിംഗാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ പോലീസ് കർശന നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ കൗണ്ടിംഗ് ഹാളിനുള്ളിലും നിരീക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചയോടെ തന്നെ സംസ്ഥാനത്തെ ഭരണഗതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരം നിലനിർത്തിയത്; ഇത്തവണ ഈ കരുത്ത് നിലനിർത്താനാവുമോ അതോ യുഡിഎഫ് തിരിച്ചുവരുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.



