തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികളുടെ പ്രതിഷേധം രണ്ടാം ദിനവും തുടരുന്നു. പരസ്യ പ്രസ്താവനകൾക്കും പ്രകടനങ്ങൾക്കും കെ.പി.സി.സി അധ്യക്ഷൻ ഏർപ്പെടുത്തിയ കർശന വിലക്ക് ലംഘിച്ചാണ് തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ പ്രവർത്തകർ തെരുവിലിറങ്ങിയത്. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന വലിയ പ്രകടനം നടന്നു. “പട നയിച്ചവൻ നാട് നയിക്കട്ടെ”, “മതേതര കേരളം വി.ഡിക്കൊപ്പം” തുടങ്ങിയ മുദ്രാവാക്യങ്ങളും ബാനറുകളുമായി കോഴിക്കോട് മുതലക്കുളത്തും മലപ്പുറം കുന്നുമ്മലിലും പ്രവർത്തകർ സജീവമായി. വയനാട് നായ്കട്ടിയിലും വിവിധ മലയോര മേഖലകളിലും സതീശനായി വൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളിൽ തെറ്റില്ലെന്ന് വ്യക്തമാക്കി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറും സതീശന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പാർട്ടിക്കുള്ളിലെ ചേരിതിരിവ് രൂക്ഷമായതോടെ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്താനാണ് ഇവർക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് നേതാക്കളെ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ, തന്റെ പേരിൽ നടക്കുന്ന എല്ലാവിധ പ്രകടനങ്ങളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും നിർത്തണമെന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. 102 സീറ്റുകളുടെ വൻ വിജയം ആഘോഷിക്കേണ്ട സമയത്ത് പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്ന നീക്കങ്ങളിൽ നിന്ന് പ്രവർത്തകർ പിന്മാറണമെന്ന് അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ എ.ഐ.സി.സി നിരീക്ഷകൻ മുകുൾ വാസ്നികിന്റെ കൈയിലുണ്ടായിരുന്ന രഹസ്യ ഫയലിന്റെ ചിത്രം പുറത്തുവന്നത് പുതിയ വിവാദത്തിന് തിരികൊളുത്തി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കെ.സി. വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് ചിത്രത്തിലുള്ളത്. സണ്ണി ജോസഫിന് പുറമെ സന്ദീപ് വാര്യർ, ടി. സിദ്ദിഖ്, അഡ്വ. സജീവ് ജോസഫ് തുടങ്ങിയ നേതാക്കൾ കെ.സിയുടെ പേര് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന ഐ.സി. ബാലകൃഷ്ണൻ ‘കെ.സി+ആർ.സി’ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പുറത്തുവന്ന രേഖകൾ വ്യാജമാണെന്ന് മുകുൾ വാസ്നികും, താൻ മൂന്ന് നേതാക്കളുടെയും കാര്യമാണ് സൂചിപ്പിച്ചതെന്ന് സണ്ണി ജോസഫും വിശദീകരണം നൽകി. നേതൃത്വത്തിലെ ഈ അനിശ്ചിതത്വം ഡൽഹിയിൽ നടക്കുന്ന ചർച്ചകളോടെ പരിഹരിക്കപ്പെടുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.



