വാഷിംഗ്ടൺ ഡി.സി: യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക സമർപ്പിച്ച സമാധാന രൂപരേഖയിൽ ഇറാൻ തങ്ങളുടെ ഔദ്യോഗിക പ്രതികരണം കൈമാറി. പാകിസ്ഥാൻ മധ്യസ്ഥർ വഴിയാണ് ഇറാൻ മറുപടി നൽകിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക, പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുക എന്നിവയ്ക്കാണ് തങ്ങളുടെ മറുപടിയിൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി. ലെബനൻ ഉൾപ്പെടെയുള്ള മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക, വാഷിംഗ്ടണുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക എന്നിവയ്ക്കൊപ്പം ആണവ പദ്ധതി, ഉപരോധം നീക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇറാന്റെ മറുപടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നിലപാട് വളരെ യാഥാർത്ഥ്യബോധമുള്ളതും പോസിറ്റീവുമാണെന്നും ഇനി തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാൻ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു.
എന്നാൽ, ഇറാന്റെ ഈ പ്രതികരണത്തെ പരിഹാസത്തോടെയും കടുത്ത ഭാഷയിലുമാണ് ഡൊണാൾഡ് ട്രംപ് നേരിട്ടത്. ഇറാൻ കഴിഞ്ഞ 47 വർഷമായി അമേരിക്കയോടും ലോകത്തോടും ‘കളിച്ചു കൊണ്ടിരിക്കുകയാണെന്ന്’ അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “അവർ ഇനി ചിരിക്കാൻ പോകുന്നില്ല” എന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാന്റെ മറുപടി വായിച്ചുവെന്നും അത് പൂർണ്ണമായും അസ്വീകാര്യമാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക ഈ ആഴ്ച ആദ്യം സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങളിൽ നിന്ന് ഇറാൻ പിന്നോട്ടുപോയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
അമേരിക്കൻ നിർദ്ദേശങ്ങൾ പ്രകാരം ഇറാൻ കുറഞ്ഞത് 12 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തുകയും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകുകയും വേണം. കൂടാതെ, ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോ യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറണമെന്ന വ്യവസ്ഥയുമുണ്ട്. ഇതിന് പകരമായി ഇറാന്റെ മേലുള്ള സാമ്പത്തിക ഉപരോധം ഘട്ടം ഘട്ടമായി നീക്കം ചെയ്യാനും, തടഞ്ഞുവെച്ച കോടിക്കണക്കിന് ഡോളർ ആസ്തികൾ തിരികെ നൽകാനും, ഇറാൻ തുറമുഖങ്ങളിലെ നാവിക ഉപരോധം പിൻവലിക്കാനുമാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്. ട്രംപിന്റെ വരാനിരിക്കുന്ന ചൈന സന്ദർശനത്തിന് മുന്നോടിയായുള്ള ഈ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെടുന്നത് മേഖലയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്.



