കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുന്നതായി മനുഷ്യാവകാശ സംഘടനയായ എപിസിആർ (Association for Protection of Civil Rights) റിപ്പോർട്ട് ചെയ്തു. മുസ്‌ലിം ആരാധനാലയങ്ങൾക്കും വിശ്വാസികളുടെ വീടുകൾക്കും നേരെ സംഘടിത ആക്രമണങ്ങളാണ് നടക്കുന്നതെന്ന് സംഘടന പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മെയ് 4 മുതൽ 7 വരെയുള്ള മൂന്ന് ദിവസത്തിനുള്ളിൽ മാത്രം അക്രമ സംഭവങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ക്രമസമാധാന നില തകരാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ‘സീറോ ടോളറൻസ്’ നയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും അക്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ എട്ട് ജില്ലകളിലായി ഇതുവരെ 34 അക്രമ കേസുകളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുച്ച് ബിഹാർ, നോർത്ത് 24 പർഗാനാസ്, സൌത്ത് 24 പർഗാനാസ്, കൊൽക്കത്ത, മുർഷിദാബാദ്, ഹൌറ എന്നിവിടങ്ങളിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ബിജെപി പ്രവർത്തകർ നടത്തിയ അക്രമങ്ങളിൽ ഇതിനോടകം രണ്ട് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. കുച്ച് ബിഹാറിൽ പള്ളി തകർക്കാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു മുസ്‌ലിം വിശ്വാസി കൊല്ലപ്പെട്ടത്. വീടുകൾക്കും പള്ളികൾക്കും പുറമെ മാർക്കറ്റുകൾക്കും 54 ഓളം കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും പുറമെ മാംസാഹാരം വിൽക്കുന്ന കടകൾക്ക് നേരെയും വ്യാപകമായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിക്കെതിരെ നിലപാടെടുത്തവരോടുള്ള പ്രതികാരമായാണ് ഈ ആക്രമണങ്ങൾ അരങ്ങേറുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുച്ച് ബിഹാറിൽ നടന്ന ജയ് ശ്രീറാം ഘോഷയാത്രയ്ക്കിടെ പള്ളികൾക്ക് നേരെ ആക്രോശങ്ങളുമായി പാഞ്ഞടുത്ത അക്രമിസംഘം ഇമാമിനെ വധഭീഷണിപ്പെടുത്തിയതായും എപിസിആർ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കൊൽക്കത്തയിലെ ആസാദ് ഹിന്ദ് കോളജിൽ മുസ്‌ലിം പെൺകുട്ടിക്ക് ഹിജാബ് ധരിക്കുന്നതിന് മാനേജ്മെന്റ് വിലക്കേർപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ പുറത്തുവന്ന കണക്കുകളേക്കാൾ ഭീകരമാണ് ഗ്രാമീണ മേഖലകളിലെ യഥാർത്ഥ സാഹചര്യമെന്നും, മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.



