കേരള മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്; അഞ്ച് മുൻ കെ.പി.സി.സി അധ്യക്ഷന്മാരെ ദൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണ്ണായക ചർച്ചകൾക്കായി അഞ്ച് മുൻ കെ.പി.സി.സി അധ്യക്ഷന്മാരെ കോൺഗ്രസ് ഹൈക്കമാൻഡ് ദൽഹിയിലേക്ക് വിളിപ്പിച്ചു. കെ. മുരളീധരൻ, എം.എം ഹസ്സൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ എന്നിവരോടാണ് ഉടൻ ദൽഹിയിലെത്താൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കെ. സുധാകരൻ ഇന്ന് രാത്രി തന്നെ ദൽഹിയിലേക്ക് തിരിക്കും. മുരളീധരനും ഹസ്സനും നാളെ രാവിലെ പുറപ്പെടും. നാളെ വൈകുന്നേരത്തോടെ എ.ഐ.സി.സി നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തും. മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ നിർദ്ദേശപ്രകാരമാണ് ചർച്ചകൾ ഇത്ര വിപുലമാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേരിന് മുൻതൂക്കം ലഭിക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി വിഷയത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഭരണപരമായ സൗകര്യം കണക്കിലെടുത്ത് ഇത്തവണ ‘ഉപമുഖ്യമന്ത്രി’ എന്ന പദവി വേണ്ടെന്ന കർശന നിലപാടിലാണ് ഹൈക്കമാൻഡ്. ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കാതെ ഏകശിലാ രൂപത്തിലുള്ള ശക്തമായ ഭരണത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. മറ്റ് നേതാക്കളെ അനുനയിപ്പിക്കാനായി പദവികൾ വീതം വയ്ക്കുന്ന രീതി ഇത്തവണ ഉണ്ടാവില്ലെന്ന് കേന്ദ്ര നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ഘടകകക്ഷികൾ കോൺഗ്രസിന് വിട്ടുനൽകിയിട്ടുണ്ട്. കെ.സി. വേണുഗോപാലിന്റെ കാര്യത്തിൽ യു.ഡി.എഫിലെ മറ്റ് കക്ഷികൾക്കും വലിയ എതിർപ്പില്ലെന്നാണ് വിവരം. നിയമസഭാ കക്ഷി യോഗം വിളിച്ച് തിരുവനന്തപുരത്ത് വെച്ച് പ്രഖ്യാപിക്കണോ അതോ ദൽഹിയിൽ വെച്ച് നേരിട്ട് പ്രഖ്യാപനം നടത്തണോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി അന്തിമ തീരുമാനം വരാനുള്ളത്. മുൻ കെ.പി.സി.സി അധ്യക്ഷന്മാരുടെ കൂടിക്കാഴ്ചയോടെ കേരളത്തിന്റെ പുതിയ അമരക്കാരനെ സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമാകും.

 

Related Articles

- Advertisement -spot_img

Latest Articles