കാരുണ്യത്തിന്റെ കൈത്താങ്ങായി ജുബൈൽ മലയാളി സമാജം; സമദിന് കൃത്രിമ കാലുകളിലൂടെ പുതിയ ജീവിതം

ജുബൈൽ: അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട കണ്ണൂർ സ്വദേശി അബ്ദുൽ സമദിന് തണലേകി ജുബൈൽ മലയാളി സമാജം.
റാസ് അൽ ഖൈറിൽ വെച്ചുണ്ടായ ദാരുണമായ അപകടത്തെത്തുടർന്ന് കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന സമദിന് കൃത്രിമ കാലുകൾ സ്ഥാപിക്കാനുള്ള മുഴുവൻ തുകയും സമാഹരിച്ച് കൈമാറി.

അപകടത്തെ തുടർന്ന് അൽ മന ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സമദിന്റെ ഒരു കാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലെത്തിച്ചെങ്കിലും, തുടർചികിത്സയ്ക്കിടെ അണുബാധ പടർന്നതിനെത്തുടർന്ന് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നത് വലിയ ആഘാതമായി.

ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കൃത്രിമ കാൽ സ്ഥാപിക്കാനുള്ള സഹായം അഭ്യർത്ഥിച്ച സമദിന്റെ വിവരം അറിഞ്ഞ ഉടൻ തന്നെ ജുബൈൽ മലയാളി സമാജം ദൗത്യം ഏറ്റെടുക്കുകയായിരുന്നു. രണ്ട് കൃത്രിമ കാലുകൾക്കായി ആവശ്യമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ എന്ന ലക്ഷ്യം വെച്ച് പ്രവർത്തനം ആരംഭിച്ച സമാജം, പ്രസിഡന്റ് ബൈജു അഞ്ചലിന്റെ നേത്യത്വത്തിൽ അംഗങ്ങളുടെ സഹകരണത്തോടെ കേവലം രണ്ട് ദിവസത്തിനുള്ളിൽ 2,21,000 രൂപ സമാഹരിച്ചു.

ബദർ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ വെച്ച്, കൈമാറിയ തുകയുടെ രേഖകൾ സമദിന്റെ സുഹൃത്തുക്കളായ മുസ്തഫ, അഷ്റഫ്, ഹമീദ് പയ്യോളി, ബന്ധുവായ മൂസ എന്നിവർ ഏറ്റുവാങ്ങി..

പ്രസിഡന്റ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരികളായ മൂസ അറയ്ക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ ഖുൽഫി, ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ എന്നിവർ ചേർന്നാണ് രേഖകൾ കൈമാറിയത്.

ജുബൈലിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും സമാജം പ്രവർത്തകരുമായ മുബാറക് ഷാജഹാൻ, അഷ്റഫ് നിലമേൽ, ഷഫീഖ് താനൂർ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ് കുമാർ, നവീൻ കൊത്തേരി, ബെൻസൺ, ഷൈലകുമാർ, ഷിഹാബ് മങ്ങാടൻ, റഊഫ് മേലത്ത്, ഷിനോജ്, ജലീൽ മൂസ, അലി, ഖലീദ് കൊല്ലം, അഫ്സൽ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

സന്തോഷ് ചക്കിങ്കൽ സ്വാഗതവും മൂസ അറയ്ക്കൽ നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles