ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് കുഴയുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ പരിഹരിക്കാൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് വീണ്ടും നിർണ്ണായക ചർച്ചകൾ നടക്കും. മുൻ കെ.പി.സി.സി അധ്യക്ഷന്മാർക്കും വർക്കിംഗ് പ്രസിഡന്റുമാർക്കും പുറമെ കേരളത്തിലെ മുതിർന്ന നേതാക്കളോടും ഉടൻ ഡൽഹിയിലെത്താൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വർക്കിംഗ് പ്രസിഡന്റുമാരെക്കൂടി ചർച്ചയിൽ ഉൾപ്പെടുത്തിയ നടപടിയിൽ വി.ഡി. സതീശൻ ക്യാമ്പ് കടുത്ത അതൃപ്തിയിലാണ്.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നീ മൂന്ന് നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി രംഗത്തുള്ളത്. ഇതിൽ വി.ഡി. സതീശനായി കേരളത്തിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ടെന്ന് വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഘടകകക്ഷിയായ മുസ്ലിം ലീഗും സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്. എന്നാൽ, രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ചർച്ചയിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുക മാത്രമാണ് ബാക്കിയെന്ന സൂചനയുണ്ടായിരുന്നെങ്കിലും, സമവായമുണ്ടാക്കാൻ കഴിയാത്തതിനാലാണ് വീണ്ടും മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.
ജനഹിതം അട്ടിമറിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടക്കുന്നതെന്നാണ് സതീശൻ അനുകൂലികളുടെ ആരോപണം. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വർക്കിംഗ് പ്രസിഡന്റുമാരെ ചർച്ചയ്ക്ക് വിളിച്ചതിലൂടെ ഒരു നിശ്ചിത പേര് അടിച്ചേൽപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമിക്കുന്നുണ്ടോ എന്ന സംശയവും അവർ ഉന്നയിക്കുന്നു. എല്ലാവരുമായും ചർച്ച ചെയ്തു എന്ന് വരുത്തിത്തീർക്കാനുള്ള നാടകമാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം, നേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങളിൽ പ്രതിഷേധിച്ച മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതുവരെ ഡൽഹിയിലെത്തിയിട്ടില്ല.
വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, കെ. സുധാകരൻ എന്നീ മുൻ അധ്യക്ഷന്മാരും ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ വർക്കിംഗ് പ്രസിഡന്റുമാരും തിരുവഞ്ചൂർ രാധാകൃഷ്ണനും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. ജനഹിതം കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുകയെന്ന് കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നും നാളെയുമായി കേരളത്തിന്റെ അടുത്ത അമരക്കാരനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.



