പ്രവാസി ക്ഷേമനിധി മരണാനന്തര ആനുകൂല്യങ്ങൾ വൈകുന്നു; അപേക്ഷകൾ ചുവപ്പുനാടയിൽ, ഹെൽപ്പ് ലൈൻ നമ്പറുകൾ നിശ്ചലം

കോഴിക്കോട്: പ്രവാസി മലയാളി കുടുംബങ്ങൾക്ക് താങ്ങാകേണ്ട കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങളിൽ വൻ അനാസ്ഥയെന്ന് പരാതി. വർഷങ്ങളോളം അംശാദായം അടച്ച പ്രവാസികളുടെ മരണാനന്തര ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ മാസങ്ങളായി യാതൊരു നടപടിയുമില്ലാതെ വെബ്‌സൈറ്റുകളിൽ കെട്ടിക്കിടക്കുകയാണെന്നാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്.

മുൻ സൗദി പ്രവാസിയും വർഷങ്ങളോളം വൃക്കരോഗബാധിതനുമായിരുന്ന പറങ്ങോടത്ത് മുനീർ എന്ന പ്രവാസിയുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥ പ്രവാസി ക്ഷേമ ബോർഡിന്റെ നിലവിലെ മെല്ലെപ്പോക്ക് നയത്തിന് തെളിവാണ്. ആറ് വർഷത്തിലധികമായി പതിനയ്യായിരത്തോളം രൂപ ക്ഷേമനിധിയിലേക്ക് കൃത്യമായി അംശാദായം അടച്ചിരുന്ന മുനീർ എട്ട് മാസം മുൻപാണ് മരണപ്പെട്ടത്. അഞ്ച് വർഷത്തിലധികം അംശാദായം പൂർത്തിയാക്കിയ അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ അവകാശികൾക്ക് പെൻഷനോ മറ്റു മരണാനന്തര ആനുകൂല്യങ്ങളോ ലഭിക്കാൻ അർഹതയുണ്ടെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ, മരണപ്പെട്ട് മൂന്ന് മാസത്തിനകം തന്നെ കുടുംബം ആവശ്യമായ രേഖകൾ സഹിതം ബോർഡിന് അപേക്ഷ സമർപ്പിച്ചിരുന്നു.

ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയിൽ വെരിഫിക്കേഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് എല്ലാ അനുബന്ധ രേഖകളും സഹിതം വീണ്ടും ‘റീ-സബ്മിറ്റ്’ ചെയ്തെങ്കിലും കഴിഞ്ഞ രണ്ട് മാസമായി യാതൊരുവിധ പുരോഗതിയുമില്ലാതെ അപേക്ഷ വെബ്‌സൈറ്റിൽ കിടക്കുകയാണ്. ബോർഡിന്റെ ഭാഗത്തുനിന്നും മറ്റ് അപ്ഡേറ്റുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പത്തോളം ഫോൺ നമ്പറുകളിലും വാട്‌സ്ആപ്പ് നമ്പറുകളിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഫോൺ എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.

മാത്രമല്ല, ബോർഡിന്റെ ഔദ്യോഗിക ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുമ്പോൾ “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല” എന്ന സന്ദേശമാണ് ലഭിക്കുന്നത്. പ്രവാസ ലോകത്ത് നിന്നും കഷ്ടപ്പെട്ട് സമ്പാദിച്ച് ക്ഷേമനിധിയിലേക്ക് പണമടയ്ക്കുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനും, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനുള്ള ഹെൽപ്പ് ലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസി സംഘടനകളുടെയും പ്രവാസി കുടുംബങ്ങളുടെയും ആവശ്യം.

Related Articles

- Advertisement -spot_img

Latest Articles