ജിദ്ദ: വിശുദ്ധ ഉംറ നിർവ്വഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയ മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഉംറ തീർത്ഥാടനത്തിനായുള്ള ഇഹ്റാം വേഷത്തിൽ വിമാനത്താവളത്തിലെത്തിയ തങ്ങളെ സൗദി നാഷണൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ സാഹിബിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. നാഷണൽ കമ്മിറ്റി ഭാരവാഹികളും ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കളും ചേർന്ന് ബൊക്ക നൽകി അദ്ദേഹത്തെ വരവേറ്റു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അത്യുജ്ജല വിജയം നേടിയതിന് ശേഷമുള്ള മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദർശനം കൂടിയാണിത്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവാസി കൂട്ടായ്മയായ കെ.എം.സി.സി പ്രവർത്തകർക്ക് നന്ദിയറിയിക്കുന്നതിനായുള്ള വിവിധ പരിപാടികൾ തങ്ങളുടെ നേതൃത്വത്തിൽ ജിദ്ദയിലും മറ്റു നഗരങ്ങളിലും നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രിയ നേതാവിനെ സ്വീകരിക്കാൻ കെ.എം.സി.സി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.



