പാലത്തായി കേസ്: ഹൈക്കോടതി വിധി സർക്കാറിന്റെ വീഴ്ച; ബി.ജെ.പി നേതാവിന്റെ അപ്പീലിൽ ഗുരുതര ദുരൂഹതയെന്ന് ബന്ധുക്കൾ

കണ്ണൂർ: പാലത്തായി കേസിൽ പ്രതി കുനിയിൽ പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച വിധി സർക്കാറിന്റെ ഇരട്ടത്താപ്പും വീഴ്ചയും മൂലം ചോദിച്ചുവാങ്ങിയ തിരിച്ചടിയാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. പ്രതി നൽകിയ അപ്പീൽ ഹരജി ഹൈക്കോടതിയിൽ എത്തിയത് മുതൽ സർക്കാർ അഭിഭാഷകരും പ്രോസിക്യൂഷനും സ്വീകരിച്ച നീക്കങ്ങളിൽ കടുത്ത ദുരൂഹതയുണ്ടെന്ന് അവർ വ്യക്തമാക്കി. കേസിന്റെ പ്രാധാന്യവും വിവാദ പശ്ചാത്തലവും കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ശക്തമായ ഇടപെടലുകൾ നടത്തിയില്ലെന്നതാണ് പ്രധാന വിമർശനം. കേസിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളും നാട്ടുകാരനുമായ ഡി.ജി.പിയോ അല്ലെങ്കിൽ പ്രത്യേക പ്രോസിക്യൂട്ടറോ നേരിട്ട് ഹാജരാകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡി.ജി.പിയുടെ ഓഫീസ് അത് നിരാകരിക്കുകയായിരുന്നു. മുൻപ് എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് ഹാജരായിരുന്ന കേസിലാണ് ഇത്തവണ അനാസ്ഥ പ്രകടമായത്.

പ്രതിയുടെ അപ്പീലും ഇരയായ കുട്ടിയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് പാനൂർ സ്റ്റേഷനിലെ വനിതാ ഓഫീസർ നേരിട്ടെത്തി വിവരങ്ങൾ ബോധ്യപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച്, പെൺകുട്ടിയുടെ കുടുംബത്തോട് ആലോചിക്കാതെയാണ് സർക്കാർ അഭിഭാഷക ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഒരു അഭിഭാഷകനെ നിയമിച്ചുവെങ്കിലും വാർത്ത പുറത്തുവന്നതോടെ ഇരയുടെ മാതാവ് നേരിട്ടെത്തി ആവശ്യപ്പെട്ട പ്രകാരം മറ്റൊരു അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു.

കൂടാതെ, കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചും പീഡനം നടന്ന സമയത്തെക്കുറിച്ചും മുൻ മൊഴികളിലെ വൈരുധ്യങ്ങളെക്കുറിച്ചും പ്രതിഭാഗം ഉന്നയിച്ച വാദങ്ങളിൽ സർക്കാർ നൽകിയ ഒബ്ജക്ഷൻ റിപ്പോർട്ട് തികച്ചും ദുർബലമായിരുന്നു. ജൂണിൽ പരിഗണിച്ച കേസ് ഒക്ടോബറിലേക്ക് മാറ്റിയിരുന്നെങ്കിലും, കേസ് ഉടൻ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ ശക്തമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഇത് പ്രതിയെ സഹായിക്കാനാണെന്നും കുടുംബം ആരോപിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles