തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്ന ‘പ്രോജക്ട് സൂര്യ’ പദ്ധതിക്ക് കെ.എസ്.ആർ.ടി.സിയിൽ തുടക്കമായി. സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി വർക്ഷോപ്പുകളിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾക്ക് വലിയ അവസരങ്ങളാണ് പ്രോജക്ട് സൂര്യയിലൂടെ കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. പ്രത്യേക ആഡ് ഓൺ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ബസ് ബോഡി ബിൽഡിങ്, എൻജിൻ ഓവർഹോളിങ്, ഇലക്ട്രിക്കൽ വയറിങ്, ലൈറ്റിങ് സിസ്റ്റം എന്നിവയിൽ വർക്ഷോപ്പുകളിൽ നേരിട്ട് പങ്കെടുക്കാനും പരിശീലിക്കാനും അവസരമൊരുക്കും. ഓട്ടോമൊബൈൽ ആശയങ്ങൾ വലിയൊരു ഗതാഗത ശൃംഖലയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നേരിട്ട് മനസ്സിലാക്കാൻ ഇത് സഹായിക്കും. പഠനത്തോടൊപ്പം കെ.എസ്.ആർ.ടി.സി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ കരിയറിന് വലിയ മുതൽക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി മന്ത്രി സി.പി. ജോൺ ചൂണ്ടിക്കാട്ടി.
ലാഭകരമായ സർവീസുകൾ, പരിസ്ഥിതിസൗഹൃദ ബസുകൾ, സാങ്കേതിക വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന വിജ്ഞാനകേന്ദ്രങ്ങൾ എന്നിങ്ങനെ തികച്ചും പുതിയൊരു യാത്രാസംസ്കാരം രൂപപ്പെടുത്തുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ബസുകളുടെ നവീകരണത്തോടൊപ്പം ഡിപ്പോകളും ബസ് ടെർമിനലുകളും ആധുനികീകരിക്കുന്ന നടപടികളും സജീവമായി പുരോഗമിക്കുകയാണ്.
സുലഭ് ഇന്റർനാഷണലുമായി ചേർന്ന് ആധുനിക വിശ്രമമുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിനൊപ്പം ഡിപ്പോകളുടെ രൂപവും കെ.എസ്.ആർ.ടി.സി മെച്ചപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം കൊച്ചിയിൽ 13 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ഒരു പുതിയ ബസിന് 30 മുതൽ 40 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ കേവലം ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപക്കുള്ളിലാണ് ബി.എസ്-3, ബി.എസ്-4 വിഭാഗങ്ങളിൽപ്പെടുന്ന ബസുകൾ ഡീലക്സ്, സൂപ്പർഫാസ്റ്റ് നിലവാരത്തിലേക്ക് മാറ്റിയെടുക്കുന്നത്.
മികച്ച എൻജിൻ ട്യൂണിങ്ങിലൂടെ ഇത്തരം ബസുകളുടെ പുക മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറക്കാനും സാധിച്ചിട്ടുണ്ട്. സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസുകളും ഓർഡിനറി ശ്രേണിയിലുള്ള 22 ബസുകളും ഉൾപ്പെടെയുള്ളവയാണ് ആദ്യഘട്ട നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



