യു.എ.ഇ മുൻ അംബാസഡർ നവ്ദീപ് സുരിക്ക് പൗരത്വം തെളിയിക്കാൻ നോട്ടീസ്

ന്യൂഡൽഹി: യു.എ.ഇ, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും ഓസ്ട്രേലിയയിൽ ഹൈകമ്മീഷണറായും സേവനമനുഷ്ഠിച്ച മുതിർന്ന മുൻ നയതന്ത്രജ്ഞൻ നവ്ദീപ് സുരിക്ക് പൗരത്വം തെളിയിക്കാൻ നോട്ടീസ് ലഭിച്ച സംഭവം വിവാദത്തിലേക്ക്. മൂന്ന് വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച തനിക്ക് പോലും പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ട അവസ്ഥയാണെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബിൽ നടന്നുവരുന്ന പ്രത്യേക തീവ്ര പുനപരിശോധന (എസ്.ഐ.ആർ – SIR) പ്രക്രിയയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ബൂത്ത് ലെവൽ ഓഫീസറെ (BLO) നേരിൽ കണ്ട് വോട്ടർ ഐ.ഡിയും ആധാർ കാർഡും സമർപ്പിച്ചപ്പോൾ രേഖകളെല്ലാം കൃത്യമാണെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ 2003-ലെ എസ്.ഐ.ആർ പട്ടികയിലെ വിവരങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് കാണിച്ച് പിന്നീട് തനിക്കൊരു സന്ദേശം ലഭിക്കുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ബി.എൽ.ഒയെ ബന്ധപ്പെട്ടപ്പോഴാണ് നോട്ടീസ് കൈപ്പറ്റാനും താൻ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന ആവശ്യമായ മറ്റ് രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടതെന്ന് നവ്ദീപ് സുരി കുറിച്ചു. ഭരണസംവിധാനത്തിന്റെ ഇത്തരം നടപടികൾ സാധാരണക്കാർക്ക് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

- Advertisement -spot_img

Latest Articles