നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോച്ചിങ് സെന്ററുകൾക്ക് നിയന്ത്രണമേർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ

മുംബൈ: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ സ്വകാര്യ കോച്ചിങ് സെന്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി മഹാരാഷ്ട്ര സർക്കാർ. സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി തയ്യാറാക്കിയ ‘മഹാരാഷ്ട്ര പ്രൈവറ്റ് കോച്ചിങ് സെന്റേഴ്‌സ് (രജിസ്‌ട്രേഷൻ ആൻഡ് റഗുലേഷൻ ആക്ട്) ബിൽ 2026’-ന്റെ കരട് സർക്കാർ പുറത്തിറക്കി. 25-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന കോച്ചിങ് സെന്ററുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം, കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളിൽ ക്ലാസുകൾ നടത്തരുത്, സ്കൂളുകളും കോച്ചിങ് സെന്ററുകളും തമ്മിലുള്ള ഡമ്മി കോച്ചിങ് രീതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.

അധ്യാപകരുടെ യോഗ്യത, ഫീസ് നിരക്കുകൾ, റീഫണ്ട് നയം എന്നിവ പരസ്യപ്പെടുത്തണമെന്നും ദിവസവും പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ നടത്താവൂ എന്നും കരട് ബില്ലിൽ നിർദേശിക്കുന്നു. ആഴ്ചയിലൊരിക്കൽ നിർബന്ധിത അവധിയും വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സൗകര്യവും ഏർപ്പെടുത്തണം. ഗുരുതര കുറ്റകൃത്യങ്ങളിൽ കേസുള്ളവരെ അധ്യാപകരായി നിയമിക്കാൻ പാടില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്താനും ആവർത്തിച്ചാൽ അടച്ചുപൂട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ 13 പേരിൽ ഒൻപത് പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരായ സാഹചര്യത്തിലാണ് ഈ നീക്കം. കരട് ബില്ലിൽ സെപ്റ്റംബർ നാല് വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.

Related Articles

- Advertisement -spot_img

Latest Articles