കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പ് കേസ്: മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവും 5.3 കോടി രൂപ പിഴയും

മുംബൈ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓഹരി വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പന് ഒരു വർഷം തടവും പിഴ ശിക്ഷയും വിധിച്ച് കോടതി. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുംബൈ വ്യവസായിയും പ്രവാസി മലയാളിയുമായ ദിനേശ് മേനോൻ നൽകിയ പരാതി ഉൾപ്പെടെയുള്ള നാല് കേസുകളിലാണ് കാപ്പൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നാല് കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ട കോടതി, ഒരു മാസത്തിനകം തുക അടയ്ക്കണമെന്നും നിർദ്ദേശിച്ചു. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടി വരും. അതേസമയം, തടവുശിക്ഷ രണ്ടു വർഷത്തിൽ താഴെയായതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന്റെ എം.എൽ.എ സ്ഥാനത്തിന് തടസ്സമില്ല.

കണ്ണൂർ വിമാനത്താവളത്തിൽ വലിയ തുകയുടെ ഓഹരികൾ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാരോപിച്ച് 2015-ലാണ് ദിനേശ് മേനോൻ നിയമനടപടി സ്വീകരിച്ചത്. എന്നാൽ തനിക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും മുംബൈ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് അപ്പീൽ നൽകുമെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. തനിക്ക് ആർക്കും പണം നൽകാനില്ലെന്നും കേസ് വാദത്തിനെടുത്ത ദിവസം താൻ ഹാജരായിരുന്നില്ലെന്നും തൻ്റെ ഭാഗം കൃത്യമായി കേൾക്കാതെയാണ് വിധി ഉണ്ടായതെന്നും കാപ്പൻ ആരോപിച്ചു. വരാനിരിക്കുന്ന ചില പ്രധാന സ്ഥാനമാനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles