സൗദിക്ക് നേരെ ഹൂതി ആക്രമണം: സ്ത്രീകളും കുട്ടികളും അടക്കം 73 പേർക്ക് പരിക്ക്; തിരിച്ചടി നൽകുമെന്ന് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളും സാമ്പത്തിക-ഊർജ്ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റു. അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ തെക്കൻ അതിർത്തി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്കും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ നിയമസാധുതയുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

ഹൂതികളുടെ ഈ പ്രകോപനം അതീവ അപകടകരമാണെന്നും സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയുയർത്തുന്ന ഹൂതി കേന്ദ്രങ്ങളെയും ആക്രമണ ഉറവിടങ്ങളെയും ലക്ഷ്യമിട്ട് ആവശ്യമായ എല്ലാ സൈനിക പ്രതിരോധ നടപടികളും സഖ്യസേന സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ രാജ്യത്തിന്റെ തെക്കൻ മേഖലയിലെ ചില ഊർജ്ജ നിലയങ്ങൾക്ക് തീപിടിക്കുകയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയും ചെയ്തതായി സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരവും വിഭവങ്ങളും സംരക്ഷിക്കാൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ഭീഷണിയാകുന്ന തരത്തിലുള്ള പ്രകോപനങ്ങൾ ഹൂതികൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles