ഇസ്രായേൽ–ബ്രിട്ടൻ നയതന്ത്ര വിള്ളൽ രൂക്ഷം: ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവ്; നയതന്ത്രജ്ഞരോട് രാജ്യം വിടാൻ നിർദേശം

തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ബ്രിട്ടൻ വ്യാപാര ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ യുകെയ്ക്ക് കടുത്ത തിരിച്ചടിയുമായി ഇസ്രായേൽ. കിഴക്കൻ ജറൂസലമിൽ 1839 മുതൽ പ്രവർത്തിക്കുന്ന ചരിത്രപരമായ ബ്രിട്ടീഷ് കോൺസുലേറ്റ് 30 ദിവസത്തിനകം അടച്ചുപൂട്ടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകർന്നതോടെ ജറൂസലമിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ പ്രത്യേക പദവി 30 ദിവസത്തിനുള്ളിൽ റദ്ദാകും. കൂടാതെ, വെസ്റ്റ് ബാങ്കിലെ റാമല്ലയിലും ഗസ്സ കോർഡിനേഷൻ മിഷനിലും സേവനമനുഷ്ഠിക്കുന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് 7 ദിവസത്തിനകം രാജ്യം വിടാനും ഇസ്രായേൽ നിർദേശ നൽകി.

ബ്രിട്ടന് പുറമെ ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതും ഒമ്പത് രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചതുമാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്. തിരിച്ചടിയുടെ ഭാഗമായി ഫലസ്തീൻ സുരക്ഷാ സേനയ്ക്ക് ബ്രിട്ടൻ നൽകിവന്നിരുന്ന പരിശീലന അനുമതി ഇസ്രായേൽ റദ്ദാക്കി. മുൻ ലേബർ പാർട്ടി നേതാവും ഇസ്രായേൽ വിമർശകനുമായ ജെറെമി കോർബിൻ ഉൾപ്പെടെ 12 പ്രമുഖ ബ്രിട്ടീഷ് പൗരന്മാർക്കും ജനപ്രതിനിധികൾക്കും ഇസ്രായേലിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ്, തീരുമാനത്തിൽ തങ്ങൾക്ക് അത്ഭുതമില്ലെന്ന് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾക്ക് ഭരണകൂടം കണ്ണടയ്ക്കുകയാണെന്നും ഇത്തരം അനീതികൾക്ക് മുന്നിൽ കൈകെട്ടി നോക്കിയിരിക്കാൻ സാധിക്കാത്തതിനാലാണ് ഉപരോധ നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബ്രിട്ടന്റെ ഉപരോധ നടപടികൾ ധാർമ്മികമായി തെറ്റാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ വിമർശിച്ചു. അടുത്ത മാസം ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിലും രാഷ്ട്രീയ പ്രക്രിയകളിലുമുള്ള കടന്നുകയറ്റമാണ് ബ്രിട്ടൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ മാത്രമല്ല, അവിടെ നിർമാണം, ധനസഹായം, റിയൽ എസ്റ്റേറ്റ് സേവനങ്ങൾ തുടങ്ങിയവ നൽകുന്ന കമ്പനികൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മിലിബാൻഡ് ബ്രിട്ടീഷ് പാർലമെന്റിനെ അറിയിച്ചു. ഫലസ്തീൻ രാജ്യത്തിന് ഔദ്യോഗിക അംഗീകാരം നൽകിയതിന് പിന്നാലെ ബ്രിട്ടൻ സ്വീകരിച്ച ഈ ശക്തമായ നിലപാട് അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ ഒറ്റപ്പെടലിന്റെ ആഴം കൂട്ടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles