ഇറാൻ യുദ്ധവും വിലക്കയറ്റവും നിഴലിക്കുന്നു; റിപ്പബ്ലിക്കൻ പാർട്ടി മിഡ്‌ടേം കൺവെൻഷനിൽ ട്രംപിന് രാഷ്ട്രീയ വെല്ലുവിളി

ടെക്സസ്: വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ടെക്സസിലെ ഡാളസിൽ നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ യു.എസ്-ഇറാൻ യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധിയും നിഴലിക്കുന്നു. ഇസ്രായേലുമായി ചേർന്ന് അമേരിക്ക ഇറാനെതിരെ തുടരുന്ന സൈനിക നീക്കങ്ങളും ഇന്ധനവില വർദ്ധനവും ജനങ്ങളിൽ ഉണ്ടാക്കിയ അതൃപ്തി റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് കൺവെൻഷൻ നടക്കുന്നത്. പ്രസംഗത്തിനായി ട്രംപ് ഡാളസിലെത്തിയ വേളയിൽ ആഗോള ക്രൂഡ് ഓയിൽ (ബ്രെന്റ്) വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി ഉയർന്നതും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുമ്പോൾ, ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് ഇറാൻ യുദ്ധം എത്രത്തോളം ഗുണം ചെയ്യുമെന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. യുദ്ധം അമേരിക്കൻ ജനതയ്ക്ക് അനാവശ്യ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നതെന്ന് ഒരു വിഭാഗം സ്വതന്ത്ര വോട്ടർമാരും അണികളും ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇറാനിലെ ആണവ ഭീഷണി ചെറുക്കാൻ ഈ സൈനിക നീക്കം അനിവാര്യമായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതിനെ മറികടന്ന് വിജയിക്കുമെന്നുമാണ് ട്രംപ് അനുകൂലികളുടെ വാദം.

തിരഞ്ഞെടുപ്പിന് മുൻപ് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകളെ ട്രംപ് തള്ളിക്കളഞ്ഞു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇറാനുമായുള്ള യുദ്ധം ഉടനടി അവസാനിക്കുമെന്ന് ഡാളസിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു. യു.എസ് തിരഞ്ഞെടുപ്പിൽ ദുർബലമായ ഭരണകൂടം അധികാരത്തിൽ വരുന്നതുവരെ യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles