സനാ: സഖ്യ സേനയുടെ പിന്തുണയുള്ള സൈനിക വിഭാഗങ്ങളെ ആറ് ജില്ലകളിൽ നിന്ന് പൂർണ്ണമായി തുരത്തിയതായി യെമനിലെ ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. തന്ത്രപ്രധാനമായ മോഖ നഗരം പിടിച്ചെടുത്തതിന് പിന്നാലെ യെമന്റെ റെഡ് സീ (ചെങ്കടൽ) തീരപ്രദേശങ്ങൾ മുഴുവൻ ഹൂതികൾ തങ്ങളുടെ നിയന്ത്രണത്തിലാക്കി.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിലൊന്നായ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ തങ്ങളുടെ പിടിമുറുക്കിയതായി ഹൂതി ഭരണകൂടം വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യൻ കപ്പലുകൾ ഒഴികെയുള്ള മറ്റെല്ലാ അന്താരാഷ്ട്ര കമ്പനികളുടെയും കപ്പലുകൾക്ക് സമുദ്ര മേഖലയിലൂടെയുള്ള യാത്ര പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് ഹൂതി വക്താവ് അവകാശപ്പെട്ടു. സൗദി അറേബ്യൻ നാവിക നീക്കങ്ങൾക്ക് മേഖലയിൽ കർശന വിലക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യെമനിലെ പോരാട്ടം കൂടുതൽ ശക്തമാകുന്ന പശ്ചാത്തലത്തിൽ, റെഡ് സീ തീരപ്രദേശങ്ങളിലെയും ബാബ് അൽ-മന്ദേബ് കടലിടുക്കിലെയും ഹൂതികളുടെ പൂർണ്ണ മേൽക്കോയ്മ ആഗോള സമുദ്ര വ്യാപാര മേഖലയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.



