ചട്ടം ലംഘിച്ച് മുഖ്യ കമ്മീഷണർ? വോട്ടർപട്ടികയിൽ വൻ ദുരൂഹത

ന്യൂഡൽഹി: കേരളം, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പഴയ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) രേഖകളിൽ പേരില്ലാതിരുന്നിട്ടും, നിലവിലെ ഡൽഹി വോട്ടർപട്ടികയിൽ ചട്ടങ്ങൾ മറികടന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പേര് ഉൾപ്പെടുത്തിയതായി ആരോപണം. വിവരവകാശ പ്രവർത്തകനും തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗവുമായ സാകേത് ഗോഖലെയാണ് കമ്മീഷന്റെ നടപടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർപ്രദേശിൽ ജനിച്ച് കേരള കേഡറിൽ ഐ.എ.എസ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും പിന്നീട് കേന്ദ്ര സർവീസിൽ ഡൽഹിയിൽ നിയമനം ലഭിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിലെ കരട് വോട്ടർപട്ടികയിൽ ‘സുബോധ് കുമാറിന്റെ മകൻ ഗ്യാനേഷ് കുമാർ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഡൽഹി, ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 2002-2003 കാലയളവിലെ മുൻ എസ്.ഐ.ആർ പട്ടികകളിൽ ഇദ്ദേഹത്തിന്റെ പേര് എവിടെയും ഇല്ലെന്ന് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ പൗരന്മാരുടെ കാര്യത്തിൽ മുൻ എസ്.ഐ.ആറിൽ പേരില്ലെങ്കിൽ അവരെ ‘കണ്ടെത്താൻ കഴിയാത്തവർ’ എന്ന ഗണത്തിൽപ്പെടുത്തി പൗരത്വം തെളിയിക്കുന്നതിനായി കമ്മീഷൻ നിർദ്ദേശിക്കുന്ന 12 രേഖകളിലൊന്ന് ഹാജരാക്കാൻ നോട്ടീസ് അയക്കാറുണ്ട്. ഈ മാനദണ്ഡം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തിലും ബാധകമാണോ എന്ന് ചോദ്യമുയർത്തി മൂന്ന് പ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു:

2002-03 കാലയളവിലെ എസ്.ഐ.ആറിൽ ഗ്യാനേഷ് കുമാർ വോട്ടറായി രജിസ്റ്റർ ചെയ്തിരുന്നോ?

ഡൽഹി, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അന്നത്തെ പട്ടികയിൽ പേരില്ലെങ്കിൽ, നിലവിലെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് എങ്ങനെ ഉൾപ്പെട്ടു?

മുൻ പട്ടികകളിൽ പേരില്ലാത്ത സാഹചര്യത്തിൽ, പൗരത്വം തെളിയിക്കാൻ മറ്റ് സാധാരണ പൗരന്മാർക്ക് നൽകുന്നത് പോലെ ഗ്യാനേഷ് കുമാറിനും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ടോ?

ഡൽഹിയിൽ വ്യാപകമായി സാധാരണക്കാരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നതിനിടെ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles