തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിന്റെ കൊലപാതക കേസിന്റെ വിചാരണ അട്ടിമറിക്കാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ടതായി ഗുരുതര ആരോപണം. സിറാജ് ദിനപത്രം ഡയറക്ടറും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. സൈഫുദ്ദീൻ ഹാജിയാണ് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനും സർക്കാറിനുമെതിരെ ഈ വെളിപ്പെടുത്തൽ നടത്തിയത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ചുവരുത്തി റദ്ദാക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കൊല്ലപ്പെട്ട ബഷീറിന്റെ ഭാര്യ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ ഫയൽ ആഭ്യന്തര വകുപ്പിൽ നിന്ന് ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി ഒന്നര മാസത്തോളം തീരുമാനമെടുക്കാതെ നീട്ടിവെക്കുകയും ഒടുവിൽ ആവശ്യം തള്ളുകയുമായിരുന്നു. ഇരയുടെയോ കുടുംബത്തിന്റെയോ അപേക്ഷയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സ്വാഭാവിക നടപടിയായിരിക്കെ, ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം പോലും മുഖ്യമന്ത്രി അട്ടിമറിച്ചത് കൊടും ചതിയും വഞ്ചനയുമാണെന്ന് സൈഫുദ്ദീൻ ഹാജി പറഞ്ഞു.
കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാട് സർക്കാർ തിരുത്തിയില്ലെങ്കിൽ തുടർനടപടികൾ ആലോചിക്കുമെന്നും, ആവശ്യമെങ്കിൽ ബഷീറിന്റെ വിധവയും മക്കളും പ്രായമായ മാതാവുമടക്കം സമരരംഗത്തിറങ്ങാൻ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



