ന്യൂഡൽഹി: വോട്ടർപട്ടികാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യാ’ മുന്നണി എം.പിമാർ നടത്തുന്ന പ്രക്ഷോഭ മാർച്ച് അൽപസമയത്തിനകം ജന്തർ മന്തറിലേക്ക് ആരംഭിക്കും. എന്നാൽ എം.പിമാരുടെ പ്രതിഷേധ സമരം തടയുന്നതിനായി ഡൽഹിയിലെ ജൻപഥിലും സമീപപ്രദേശങ്ങളിലും പോലീസ് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള പ്രധാന പാതകളും സാഗർ രത്ന ഹോട്ടലിനു മുന്നിലെ വഴികളും ബാരിക്കേഡുകൾ ഉയർത്തി പോലീസ് പൂർണ്ണമായി അടച്ചു.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എം.പിമാർക്കായി ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷമാണ് പ്രതിഷേധ മാർച്ചിലേക്കുള്ള നീക്കങ്ങൾ ആരംഭിച്ചത്. പ്രക്ഷോഭം തടയാനുള്ള പോലീസിന്റെ മുൻകൂട്ടിയുള്ള നീക്കങ്ങൾ മറികടക്കാൻ, പ്രതിഷേധത്തിന്റെ കൃത്യമായ സ്ഥലവും റൂട്ടും നേതാക്കൾ പുറത്തുവിട്ടിട്ടില്ല. ഖാർഗെയുടെ വസതിയിൽ നിന്ന് എം.പിമാരെയും വഹിച്ചുകൊണ്ട് പുറപ്പെട്ട വാഹനങ്ങൾ എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.
നിയമപരമായി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, പ്രക്ഷോഭകർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം ജന്തർ മന്തർ പരിസരം പോലീസ് പൂർണ്ണമായി വളഞ്ഞിരിക്കുകയാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കുള്ള അവസരം പോലും നരേന്ദ്ര മോദി സർക്കാരും ഡൽഹി പോലീസും ചേർന്ന് നിഷേധിക്കുകയാണെന്ന് സ്ഥലത്തുണ്ടായിരുന്ന ഇന്ത്യാ മുന്നണി എം.പിമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.



