ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാത്രിയിലും ശക്തമായി തുടരുന്നു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായ (SIR) ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ചാണ് പ്രക്ഷോഭം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ (SFI) സംഘടിപ്പിച്ച ‘തിരംഗ മാർച്ചിനിടയിലേക്ക്’ പോലീസ് അതിക്രമിച്ചുകയറുകയും നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ജന്തർമന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് വിദ്യാർത്ഥികളും ഇടതുപക്ഷ പ്രവർത്തകരും ഇന്നും തെരുവിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധങ്ങൾക്ക് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കൂട്ടത്തോടെ അറസ്റ്റുകൾ നടപ്പിലാക്കുന്നത്. എന്നാൽ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലികാവകാശം ഉയർത്തിപ്പിടിച്ച് സമരവുമായി മുന്നോട്ട് പോകുമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതയും ശക്തമായ സുരക്ഷാ സന്നാഹങ്ങളുമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.



