സമരങ്ങളിൽ പങ്കെടുക്കില്ലെന്ന ബോണ്ടിൽ ഒപ്പിട്ടിട്ടില്ല; നാളെ മുതൽ വീണ്ടും തെരുവിലിറങ്ങുമെന്ന് ദീപ്‌കെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിനിടെ ദൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളെ ഒരു വർഷത്തേക്ക് നല്ല പെരുമാറ്റം ഉറപ്പാക്കുന്ന ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്ന ഡൽഹി പോലീസിന്റെ വാദം തള്ളി നേതാക്കൾ. അടുത്ത ഒരു വർഷത്തേക്ക് സമാധാനം നിലനിർത്തുന്നതിനും നല്ല പെരുമാറ്റം ഉറപ്പാക്കുന്നതിനുമായി 50,000 രൂപയുടെ ജാമ്യബോണ്ട് സമർപ്പിച്ചാണ് അഭിജിത് ദീപ്‌കെ, അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ കോടതി വിട്ടയച്ചതെന്ന് ദൽഹി പോലീസ് എക്സിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ സമരങ്ങളിലൊന്നും പങ്കെടുക്കില്ലെന്ന് കാണിച്ച് യാതൊരു ബോണ്ടിലും ഒപ്പിട്ടു നൽകിയിട്ടില്ലെന്നും, നാളെ മുതൽ വീണ്ടും സമരവുമായി തെരുവിലിറങ്ങുമെന്നും സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെയും സൗരവ് ദാസും വ്യക്തമാക്കി.

ഇതിനിടയിൽ, ദീപ്‌കെ ഒപ്പുവെച്ച ബോണ്ട് എന്ന പേരിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ രേഖകൾ സി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രചരിപ്പിക്കപ്പെട്ടതും വലിയ ചർച്ചയായിട്ടുണ്ട്. കൂടാതെ, കസ്റ്റഡിയിലായ സമയത്ത് തങ്ങളുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തുവെങ്കിലും അത് സംബന്ധിച്ച ഔദ്യോഗിക രേഖകളോ ഹാഷ് നമ്പറുകളോ നൽകിയിട്ടില്ലെന്ന് സൗരവ് ദാസ് ആരോപിച്ചു. പിടിച്ചെടുത്ത ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയോ നിയമവിരുദ്ധമായി ക്ലോൺ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്നും, പ്രസ്ഥാനത്തിനെതിരെ വ്യാജ തെളിവുകൾ ചമയ്ക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടയിലുള്ള പോലീസിന്റെ ഇത്തരം നടപടികൾ രാഷ്ട്രീയ തലത്തിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles