ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ച് ‘ഇന്ത്യ’ മുന്നണി: രാഹുൽ ഗാന്ധിയുടെ വസതിയിൽ പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ പ്രമുഖ നേതാക്കൾ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുകൂടി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ എന്നിവരുൾപ്പെടെയുള്ളവരാണ് ജനാധിപത്യ തത്വങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭരണഘടനയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഡൽഹി മുതൽ താഴെത്തട്ട് വരെ പ്രക്ഷോഭം ശക്തമായി തുടരുമെന്ന് എൻ.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ വ്യക്തമാക്കി. ജനാധിപത്യം തകർക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തുകയാണെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന്റെ കളിപ്പാവയായി മാറിയെന്നും വോട്ട് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വധ്ര, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളും വിവിധ പ്രതിപക്ഷ എം.പിമാരും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമര പരിപാടികളും പ്രക്ഷോഭ മാർച്ചുകളും സംഘടിപ്പിക്കുമെന്ന് നേതാക്കൾ സൂചിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles