റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ വിവിധ മേഖലകളിലെ 400-ഓളം മെഡിക്കൽ വിദഗ്ധർ രംഗത്തിറങ്ങിയതായും ആദ്യ 10 മണിക്കൂറിനുള്ളിൽ 25 അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും റിപ്പോർട്ട്. ഡോ. സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ. മാദ് അൽ സാത്തിയാണ് ‘അശ്ശർഖ് അൽ ഔസത്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
പരിക്കേറ്റവരുടെ അവസ്ഥയുടെ തീവ്രത അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് മെഡിക്കൽ ടീം അടിയന്തര ചികിത്സ നൽകിയത്. അതിഗുരുതര വിഭാഗത്തിലുള്ളവർക്ക് ഉടനടി പരിശോധനകളും അത്യാവശ്യ ശസ്ത്രക്രിയകളും ലഭ്യമാക്കി. ജനറൽ സർജറി, വാസ്കുലാർ, ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം ചില്ല് കഷണങ്ങളും അവശിഷ്ടങ്ങളും പതിച്ചുണ്ടായ ഗുരുതര മുറിവുകൾക്ക് ഉടൻ തന്നെ ശസ്ത്രക്രിയകൾ നടത്തി. നിലവിൽ രണ്ടുപേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിൽ (ICU) ഉള്ളതെന്നും, ഭൂരിഭാഗം ആളുകളും സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടന്നയുടൻ തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കി ആംബുലൻസുകൾക്ക് വേഗത്തിൽ ആശുപത്രികളിൽ എത്തിച്ചേരാൻ സുരക്ഷാ സേനയും മുൻകൈ എടുത്തു. തദ്ദേശീയരും വിദേശികളുമായ രോഗികൾക്കും പരിക്കേറ്റവർക്കും കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഡോ. മാദ് അൽ സാത്തി നന്ദി രേഖപ്പെടുത്തി.



