തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണ പരമ്പരയിൽ നിർണായക വഴിത്തിരിവായി കാര്യസ്ഥൻ രവീന്ദ്രൻ പൊലീസിന്റെ പിടിയിലായി. 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തറവാട്ടിലെ അംഗമായ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണമാണ് വഴിതിരിവായത്.
2017-ലാണ് ജയമാധവൻ നായർ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെടുന്നത്. എന്നാൽ തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പിന്നീട് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകകൾ തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നായർ അടക്കം 12 പേരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തിനിടെ കൂടത്തിൽ തറവാട്ടിലെ സ്വത്തുക്കളുടെ അനന്തരാവകാശികളാകേണ്ട ഏഴുപേരാണ് മരണപ്പെട്ടത്.
കരമന കൂടത്തിൽ ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്‌ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപ്പിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് അടുത്തടുത്തായി വ്യത്യസ്ത സാഹചര്യങ്ങളിൽ മരണപ്പെട്ടത്. ഒന്നിന് പിറകെ ഒന്നായി കുടുംബത്തിലെ മുഴുവൻ അവകാശികളും മരിച്ചുവീണത് തുടക്കം മുതൽ തന്നെ വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. കാര്യസ്ഥന്റെ അറസ്റ്റോടെ സ്വത്ത് തട്ടിപ്പിനായുള്ള കൊലപാതക പരമ്പരയിലെ കൂടുതൽ രഹസ്യങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.



