ശ്രീനഗർ: ജമ്മു കശ്മീരിലെ ജുമുഅ ഖുതുബകളിൽ വെള്ളിയാഴ്ചകളിൽ ഒരേ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി ഏകീകൃത ക്രമീകരണം കൊണ്ടുവരാൻ വഖ്ഫ് ബോർഡ് നീക്കം. വഖ്ഫ് ബോർഡ് അധ്യക്ഷയും ബി.ജെ.പി നേതാവുമായ സയ്യിദ് ദറഖ്ഷാൻ ആന്ത്രാബിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബോർഡിന് കീഴിലുള്ള പള്ളികൾ, ദർഗകൾ, മറ്റ് മതസ്ഥാപനങ്ങൾ എന്നിവയിലെ പ്രഭാഷണങ്ങൾക്ക് മുൻകൂട്ടി വിഷയങ്ങൾ നിശ്ചയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. മുഫ്തിമാർ, ഇമാമുമാർ, ഖതീബുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കുന്നത്. മതബോധവും സാമൂഹിക സൗഹാർദവും വളർത്തുന്നതിനൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് വഖ്ഫ് ബോർഡിന്റെ വിശദീകരണം.
എന്നാൽ, കേന്ദ്ര നീക്കത്തിനെതിരെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ-മത നേതാക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ബി.ജെ.പി മുസ്ലിംകളുടെ മതപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ ശ്രമിക്കുകയാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല ആരോപിച്ചു. ജുമുഅ ഖുതുബകൾ ജനങ്ങളുടെ തനത് പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും മതപണ്ഡിതരുടെ മാർഗനിർദേശപ്രകാരമാണ് അവ തയ്യാറാക്കേണ്ടതെന്നും പി.ഡി.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി വ്യക്തമാക്കി. പ്രമുഖ മുസ്ലിം മതസംഘടനയായ മുത്തഹിദ മജ്ലിസെ ഉലമ നേതാവ് മിർവായിസ് ഉമർ ഫാറൂഖും തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.
2022 മാർച്ച് മുതലാണ് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കൂടിയായ സയ്യിദ് ദറഖ്ഷാൻ ആന്ത്രാബി ജമ്മു കശ്മീർ വഖ്ഫ് ബോർഡ് അധ്യക്ഷയായി ചുമതലയേറ്റത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കേന്ദ്ര വഖ്ഫ് നിയമത്തിന് കീഴിലാണ് ബോർഡിന്റെ പ്രവർത്തനം. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായി തുടരുന്നതിനാൽ നിലവിലെ ഉമർ അബ്ദുല്ല സർക്കാരിന് സംസ്ഥാന വഖ്ഫ് ബോർഡിന്മേൽ നേരിട്ട് ഭരണപരമായ നിയന്ത്രണങ്ങളില്ലാത്തത് വിഷയത്തിൽ പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്.



