റിയാദ്: റിയാദ് നഗരത്തെ ലക്ഷ്യമിട്ടെത്തിയ രണ്ട് ക്രൂസ് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തടഞ്ഞു നശിപ്പിച്ചു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് സ്ത്രീകളും ഒരു പുരുഷനും കുട്ടിയുമടക്കം നാല് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലുകളുടെ ചീളുകൾ വീണ് പ്രദേശത്തെ 15 വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ അടിയന്തര മുൻകരുതൽ നടപടികൾ ഉടനടി നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിലേക്ക് വന്ന മറ്റൊരു ക്രൂസ് മിസൈലും വിജയകരമായി തകർത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലിക്കി വ്യക്തമാക്കി. റിയാദിനെയും രാജ്യത്തിന്റെ തെക്കൻ മേഖലയെയും ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകളും നാല് ക്രൂസ് മിസൈലുകളും കഴിഞ്ഞ ദിവസം രാത്രിയിൽ തടഞ്ഞു നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ പ്രവർത്തിക്കുന്ന സൗദി അരാംകോ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളിലൊന്നിന് നേരെ ആക്രമണമുണ്ടായതായി ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് ഉടനടി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ ഉറപ്പുനൽകി.



