ഹെബ്റോൺ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്റോണിൽ വെള്ളിയാഴ്ച മുതൽ ഇസ്രായേൽ സേന നടത്തുന്ന ശക്തമായ തിരച്ചിലിലും ആക്രമണങ്ങളിലും 47 ഫലസ്തീനികൾ അറസ്റ്റിലായതായി ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. പ്രദേശത്ത് ഇസ്രായേൽ ഏർപ്പെടുത്തിയ ശക്തമായ ഉപരോധത്തെ തുടർന്ന് ഇതുവരെ 2,200 ഓളം പേരെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചതായി സംഘടന വെളിപ്പെടുത്തി.
ബലമായി ഒഴിപ്പിക്കപ്പെട്ടവരിൽ 127 കുട്ടികളും 81 ഗർഭിണികളും നൂറുകണക്കിന് വയോധികരും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും ഉൾപ്പെടുന്നുണ്ടെന്ന് അൽ ജസീറയോട് സംസാരിക്കവെ ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി വ്യക്തമാക്കി. നിലവിൽ 9,000-ത്തിലധികം ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ‘ബിസെലെം’ നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച ഹെബ്റോണിലെ ഇസ്രായേൽ സൈനിക താവളത്തിന് നേരെ രണ്ട് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇസ്രായേൽ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഈ രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് ഹെബ്റോണിലും പരിസര പ്രദേശങ്ങളിലും സൈന്യം നൂറുകണക്കിന് പരിശോധനകളും വീടുകയറിയുള്ള അതിക്രമങ്ങളും ശക്തമാക്കിയത്.



