ടെഹ്റാൻ: ഇസ്രായേലിന്റെ സൈനിക അധിനിവേശങ്ങളെ പ്രതിരോധിക്കാനും പശ്ചിമേഷ്യയെ ഭിന്നിപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ തകർക്കാനും മുസ്ലിം രാജ്യങ്ങൾ പ്രാദേശിക സഹകരണം ശക്തമാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആഹ്വാനം ചെയ്തു. ടെഹ്റാനിൽ സൗദി അറേബ്യൻ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ, തുർക്കി രഹസ്യാന്വേഷണ ഏജൻസി (MİT) തലവൻ ഇബ്രാഹിം കാലിൻ എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ പരസ്പര ഐക്യവും സുരക്ഷയും വികസനവും ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങൾക്കും ഇറാൻ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലും ലെബനനിലും ഇറാനിലും മേഖലയുടെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളെ പെസഷ്കിയാൻ യോഗത്തിൽ ശക്തമായി അപലപിച്ചു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും, എന്നാൽ ആണവവ്യാപന നിരോധന കരാറിന്റെ (NPT) അടിസ്ഥാനത്തിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ഒരുവശത്ത് ചർച്ചകൾ നടത്തുമ്പോൾ തന്നെ മറു വശത്ത് ഇറാനെയും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന അമേരിക്കയുടെ ഇരട്ടത്താപ്പും പരസ്പരവിരുദ്ധവുമായ നയങ്ങളെ ഇറാൻ പ്രസിഡന്റ് അതിരൂക്ഷമായി വിമർശിച്ചു.



