കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ച സംഭവത്തിൽ പ്രതിക്ക് വേഗത്തിൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനു മുമ്പ് തന്നെ പ്രതിക്ക് ജാമ്യം നൽകിയ പൊലീസ് നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ മക്കൾ ചേരാനല്ലൂർ സ്റ്റേഷനു മുന്നിൽ സമരം നടത്തി. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ജയബാലകൃഷ്ണന്റെ മകളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയ കാറോടിച്ചിരുന്നത്. പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കണമെന്നും, പ്രായപൂർത്തിയാകാത്തയാളാണ് കാറോടിച്ചതെങ്കിൽ അതിന് ഉത്തരവാദിയായ പിതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
“തട്ടുകടക്കാരനായ അച്ഛന്റെ മൃതദേഹം കിട്ടുന്നതിനു മുൻപ് തന്നെ ജഡ്ജിയുടെ മകനായ പ്രതിക്ക് പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി. നിയമം സാധാരണക്കാർക്കും ഉന്നതർക്കും രണ്ടു രീതിയിലാണോ? നീതി കിട്ടാൻ ഏതറ്റം വരെയും പോകും,” എന്ന് ജയബാലകൃഷ്ണന്റെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകർത്താൻ ശ്രമിച്ച ബന്ധുക്കളുടെ ഫോൺ വാങ്ങി ചിത്രങ്ങൾ പൊലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചതായും കുടുംബം ആരോപിച്ചു.
അപകടത്തിന് പിന്നാലെ പതിനേഴുകാരന് എളുപ്പത്തിൽ ജാമ്യം നൽകിയതിൽ പ്രതിഷേധം വ്യാപകമായതോടെ ആഭ്യന്തര മന്ത്രി വിഷയത്തിൽ ഇടപെട്ടു. ഡി.ജി.പിയെയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെയും വിളിച്ച് അദ്ദേഹം അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ വകുപ്പുകൾ പൊലീസ് കൂട്ടിച്ചേർത്തു. തുടക്കത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നതെങ്കിൽ, നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ഉൾപ്പെടുത്തിയാണ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. ലൈസൻസില്ലാതെ അശ്രദ്ധമായി വാഹനമോടിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.



