ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് എണ്ണക്കപ്പലുകളിൽ മൈൻ തട്ടി വൻ തീപിടിത്തമുണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നാവികസേന അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. വിലക്കപ്പെട്ട തെക്കൻ പാതയിലൂടെ സഞ്ചരിക്കവേയാണ് കപ്പലുകൾക്ക് തീപിടിച്ചതെന്നും തുടര്ന്ന് ജീവനക്കാർ കപ്പലുകൾ ഉപേക്ഷിച്ച് ഹോർമുസ് കടലിടുക്കിന്റെ തെക്കൻ തീരത്തേക്ക് കടന്നതായും ഐ.ആർ.ജി.സി വ്യക്തമാക്കി.
ഐ.ആർ.ജി.സി നാവികസേനയുടെ തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ച്, റഡാർ-നാവിഗേഷൻ സംവിധാനങ്ങൾ പൂർണ്ണമായും ഓഫാക്കിയാണ് ഈ കപ്പലുകൾ നിരോധിത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചതെന്ന് തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലുകൾക്ക് തീപിടിച്ചതിനെ തുടർന്ന് മേഖലയിൽ കടുത്ത പരിസ്ഥിതി മലിനീകരണ ഭീഷണി ഉയർന്നിട്ടുണ്ടെന്നും, അംഗീകാരമില്ലാത്ത പാത തിരഞ്ഞെടുക്കുന്ന കപ്പൽ ഉടമകൾക്കും ജീവനക്കാർക്കുമായിരിക്കും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തമെന്നും നാവികസേന മുന്നറിയിപ്പ് നൽകി. ഒപ്പം, സൈബർ ഇടങ്ങളിലെ യു.എസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) വാഗ്ദാനങ്ങളിൽ കപ്പൽ കമ്പനികൾ വീഴരുതെന്നും, പ്രകോപനപരമായ ഏത് നീക്കങ്ങളെയും അതിശക്തമായി നേരിടുമെന്നും ഇറാൻ വ്യക്തമാക്കി



