കൊൽക്കത്ത: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനും വോട്ട് കൊള്ള തടയുന്നതിനും ഭരണഘടന കാത്തുസൂക്ഷിക്കുന്നതിനുമായി നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാ മുന്നണിയുടെ പ്രതിഷേധ മാർച്ചിൽ സഖ്യം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വ്യക്തമാക്കി. വോട്ട് കൊള്ളയ്ക്കെതിരെയുള്ള ഈ പോരാട്ടം ഓരോ ഇന്ത്യക്കാരന്റെയും തിരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ളതാണെന്ന് അവർ എക്സ് പോസ്റ്റിൽ കുറിച്ചു. ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വോട്ട് തട്ടിപ്പുകൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും, ഇ.വി.എമ്മുകളുടെ പരിശോധന, വോട്ടർ വിവരങ്ങളിലെ സംശയങ്ങൾ, വോട്ടർ പട്ടികയിലെ അസ്വാഭാവികതകൾ എന്നിവ ഗുരുതരമാണെന്നും മമത ചൂണ്ടിക്കാണിച്ചു. വോട്ടവകാശം ഭീഷണി നേരിടുമ്പോൾ മൗനം പാലിക്കുന്നത് പരിഹാരമല്ലെന്നും, വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും തൊഴിലാളികളുമടങ്ങുന്ന മുഴുവൻ പൗരസമൂഹവും ഈ പോരാട്ടത്തിൽ പങ്കുചേരണമെന്നും അവർ ആഹ്വാനം ചെയ്തു.
അതേസമയം, നവംബർ ഒന്നിന് നടക്കുന്ന മാർച്ചിൽ രാഷ്ട്രീയ വ്യത്യാസമടക്കമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും വിദ്യാര്ത്ഥി സംഘടനകളും പങ്കാളികളാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഭ്യർത്ഥിച്ചു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം സമരമല്ലെന്നും, മറിച്ച് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരൊറ്റ പ്രതിഷേധമാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ മനംമടുത്തവരും ജനാധിപത്യത്തെയും ഭരണഘടനയെയും സ്നേഹിക്കുന്നവരുമായ ഏവരെയും അദ്ദേഹം മാർച്ചിലേക്ക് സ്വാഗതം ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജ്ജിനെയോ മറ്റ് നടപടികളെയോ കണ്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കാൻ ഏവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.



