തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ പ്രധാന അന്തർസംസ്ഥാന ഇടനിലക്കാരി പോലീസ് പിടിയിലായി. തമിഴ്നാട് സ്വദേശിനി ബേസിൽ വാണിയെ ബംഗളൂരുവിൽ ഒളിവിൽ കഴിയവെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയർന്നു. നിലവിൽ ജയിലിൽ കഴിയുന്ന പ്രതികളായ സജിത്ത്, നിഷാന്ത് എന്നിവർക്ക് ആന്ധ്രാ സ്വദേശിയായ 16-കാരിയുടെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബേസിൽ വാണിയാണെന്ന് പോലീസ് വ്യക്തമാക്കി. അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയായ വാണി കൂടുതൽ പെൺകുട്ടികളെ കേരളത്തിലേക്കും തമിഴ്നാട്ടിലെ സ്പാകളിലേക്കും എത്തിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയുടെ സുഹൃത്ത് കൂടിയാണ് വാണിയെന്നാണ് സൂചന.
അതിനിടെ, പീഡനം നടന്ന മൂന്ന് സ്പാകളുടെയും പ്രധാന നടത്തിപ്പുകാരി അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.സി. മായയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ നേരത്തെ പിടിയിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമിയായാണ് മായ പ്രവർത്തിച്ചിരുന്നത്. സ്പാകളിൽ നിന്നുള്ള വരുമാനം ആദ്യം മായയുടെ അക്കൗണ്ടിലേക്കെത്തുകയും തുടർന്ന് അനുരൂപിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു പതിവ്. പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാട്സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പോലീസ് കണ്ടെടുത്തു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ മായ കുറ്റം സമ്മതിച്ചിട്ടുണ്ട്.



