മുൻ സർക്കാർ ഖജനാവ് നശിപ്പിച്ചു; നിക്ഷേപകരെ ആകർഷിക്കാൻ പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കും: വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന ഖജനാവ് പൂർണ്ണമായും നശിപ്പിച്ചിട്ടാണ് കഴിഞ്ഞ സർക്കാർ അധികാരമൊഴിഞ്ഞതെന്നും, ഖജനാവിലേക്ക് വരുമാനം കണ്ടെത്തുന്നതിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമാണ് സരൾ ബിൽ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ 2026-ലെ സരൾ (സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസിങ്) ബില്ലിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ചേരിയിലേക്ക് തള്ളിവിടുന്നതോ പരിസ്ഥിതി നാശമുണ്ടാക്കുന്നതോ ആയ ഒരു വികസനവും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാടശേഖരങ്ങൾ സംരക്ഷിക്കുമെന്നും ജനക്ഷേമകരവും പരിസ്ഥിതി സമതുലിതാവസ്ഥ ഉറപ്പാക്കുന്നതുമായ പദ്ധതികൾ മാത്രമേ കൊണ്ടുവരികയുള്ളൂ എന്നും സഭയെ അറിയിച്ചു.

സംസ്ഥാനത്ത് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വൻകിട നിക്ഷേപങ്ങൾ വരണമെന്നും, പണ്ട് നിക്ഷേപകരെ ഓടിച്ച ചരിത്രമുള്ള കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപ് ബി.എം.ഡബ്ല്യു പോലെയുള്ള വൻകിട കമ്പനികൾ വന്നപ്പോൾ ഹർത്താൽ നടത്തി ഓടിച്ചതിനാലാണ് അവർ തമിഴ്‌നാട്ടിലേക്ക് പോയതും, തമിഴ്‌നാട് ഇന്ന് ഓട്ടോമൊബൈൽ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്ത് എത്തുന്ന നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ നൽകും. വിപ്ലവകരമായ ഈ ബിൽ അവതരിപ്പിച്ചതിലൂടെ വ്യവസായ മന്ത്രി ചരിത്രത്തിന്റെ ഭാഗമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സർക്കാരിന്റെ വ്യവസായ നേട്ടങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ഈ ബില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും മുഖ്യമന്ത്രി ശക്തമായി എതിർത്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പൂട്ടിപ്പോയ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്പിന്നിങ് മില്ലുകളുടെയും കണക്കുകൾ അതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കിയാണ് ഇറങ്ങിപ്പോയതെങ്കിൽ, അതിനെ 50,000 കോടി രൂപയുടെ കടത്തിലാക്കുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. 25 വർഷത്തെ കരാർ റദ്ദാക്കി ഉയർന്ന തുകയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതാണ് ഇതിന് കാരണമായതെന്നും, പൂട്ടിപ്പോയ സ്ഥാപനങ്ങളെയും സാമ്പത്തിക തകർച്ചയെയും കുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles