സംവരണ അവകാശം സംരക്ഷിക്കണം; സുപ്രീം കോടതി വിധിക്കെതിരെ തമിഴ്‌നാട് റിവ്യൂ ഹരജി നൽകും

ചെന്നൈ: ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാം ഉൾപ്പെടെയുള്ള അഹിന്ദു മതങ്ങളിലേക്ക് പരിവർത്തനം നടത്തുന്ന വ്യക്തികളുടെ സംവരണ ആനുകൂല്യങ്ങൾ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകുമെന്ന് തമിഴ്‌നാട് സർക്കാർ. 2024-ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി സി.ടി.ആർ. നിർമൽ കുമാറാണ് മാധ്യമങ്ങളെ വിവരമറിയിച്ചത്.

ഹിന്ദു പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ, തമിഴ്‌നാട്ടിലെ വിജ്ഞാപനം ചെയ്യപ്പെട്ട മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റ് നേടി പഴയ സംവരണ ആനുകൂല്യങ്ങൾ തുടരാൻ കഴിയില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചും ഈ നിലപാട് ശരിവെക്കുകയായിരുന്നു. ഒരാൾ മറ്റൊരു മതത്തിലേക്ക് മാറുമ്പോൾ ആ മതത്തിലേക്കാണ് മാറുന്നതെന്നും അല്ലാതെ അതിനുള്ളിലെ ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന ഒരു പ്രത്യേക സമുദായത്തിലേക്കല്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾക്ക് മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക പശ്ചാത്തലം മാത്രം ആധാരമാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

2015-ൽ ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറിയ തൂത്തുക്കുടി സ്വദേശി സമീർ അഹമ്മദ്, തമിഴ്‌നാട്ടിലെ പിന്നാക്ക മുസ്‌ലിം വിഭാഗമായ ‘മുസ്‌ലിം ലെബ്ബൈ’ സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷ തഹസിൽദാർ നിരസിച്ചതാണ് കേസിന് വഴിത്തിരിവായത്. മതം മാറുന്നവർക്കും ഈ സംവരണം അനുവദിക്കാമെന്ന് തമിഴ്‌നാട് സർക്കാർ 2024-ൽ പ്രത്യേക ഉത്തരവിറക്കിയെങ്കിലും മദ്രാസ് ഹൈക്കോടതി ഇത് റദ്ദാക്കുകയായിരുന്നു. ഇസ്‌ലാമിലും ക്രിസ്തുമതത്തിലും ജാതിവ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് മതപരിവർത്തനം നടത്തുന്നതെന്നും പിന്നീട് അവിടെയും ജാതിശ്രേണിയുണ്ടെന്ന് വാദിക്കുന്നത് പരസ്പരവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഇപ്പോൾ തമിഴ്‌നാട് സർക്കാർ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

Related Articles

- Advertisement -spot_img

Latest Articles