ടെൽ അവീവ്: ഇസ്രയേലിന്റെ ഫലസ്തീൻ അധിനിവേശത്തെയും തീവ്ര നിലപാടുകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രമുഖ ഇസ്രയേലി നടിയും മോഡലുമായ ചെല്ലി ഗോൾഡൻബെർഗ് രംഗത്ത്. തത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു സംഭവം. പരസ്യത്തിനായുള്ള ഇടവേളയാണെന്നും ക്യാമറ ഓഫാണെന്നും തെറ്റിദ്ധരിച്ച് അവതാരകനോട് സംസാരിച്ച നടിയുടെ വാക്കുകൾ തത്സമയം പ്രക്ഷേപണം ചെയ്യപ്പെടുകയായിരുന്നു.
“ഒരു ഇസ്രയേലി ആണെന്നതിൽ എനിക്കിപ്പോൾ ഒട്ടും അഭിമാനം തോന്നുന്നില്ല. ഫലസ്തീനിലെ അധിനിവേശം കൊണ്ടുവന്ന വിനയാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്. ഇസ്രയേലിന്റെ മതപരമായ അടിച്ചമർത്തലുകളും ജൂത ഭീകരതയുമാണ് രാജ്യത്തിന്റെ സമാധാനം കെടുത്തുന്നത്,” എന്നായിരുന്നു ചെല്ലിയുടെ തുറന്നുപറച്ചിൽ. സ്വാതന്ത്ര്യത്തിനായി പോരാടാൻ ഏതൊരു ന്യൂനപക്ഷത്തിനും അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം പരാമർശങ്ങൾ തത്സമയ സംപ്രേഷണത്തിനിടെ പറയുന്നത് അപകടമാണെന്ന് അവതാരകൻ മുന്നറിയിപ്പ് നൽകിയെങ്കിലും കാര്യങ്ങൾ രഹസ്യമായി സംസാരിക്കുകയാണെന്ന ധാരണയിലായിരുന്നു അവർ. പിന്നീട് ഇത് ലൈവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ പരിഭ്രാന്തയായ ചെല്ലി, പരസ്യ ഇടവേളയാണെന്ന് കരുതിയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കി പ്രേക്ഷകരോട് ക്ഷമ ചോദിച്ചു.
ചെല്ലി ഗോൾഡൻബെർഗിന്റെ വാക്കുകൾ ഇസ്രയേലിൽ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. താരത്തിന്റെ നിലപാട് ദേശവിരുദ്ധമാണെന്നും അധിനിവേശത്തിനെതിരെയുള്ള ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്നും ആരോപിച്ച് വലതുപക്ഷ സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. എന്നാൽ, പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും സത്യം തുറന്നുപറയാൻ കാണിച്ച ധൈര്യത്തെ പ്രശംസിച്ച് നിരവധി പേർ നടിയെ പിന്തുണയ്ക്കുന്നുമുണ്ട്. മോഡലിംഗിലൂടെ കലാരംഗത്തെത്തിയ ചെല്ലി ‘ഹാലഹാക’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയയായത്.



