തിരുവനന്തപുരം: സർക്കാരിന്റെ വ്യക്തമായ നിർദ്ദേശവും അനുമതിയും കൂടാതെ ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവർക്കെതിരെയാണ് എക്സൈസ് വകുപ്പ് നടപടിയെടുത്തത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന സർക്കാരിന്റെ പൊതുതീരുമാനം കാറ്റിൽപ്പറത്തി എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ഉൾപ്പെടെ മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഉദ്യോഗസ്ഥരുടെ ഈ നിയമലംഘനം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നവംബർ 30-നകം യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം പുറത്തിറക്കാനിരിക്കെ ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന ഇത്തരം വീഴ്ചകളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ നിയമഭേദഗതി മറയാക്കിയാണ് ഡെപ്യൂട്ടി കമ്മീഷണർമാർ ബാർ ലൈസൻസ് അനുവദിച്ചതെന്നും മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടിയെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെങ്കിലും സർക്കാർ നയം ലംഘിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നതാണെന്നും എന്നാൽ എൽ.ഡി.എഫ് സർക്കാർ അത് ത്രീ സ്റ്റാറുകളിലേക്ക് നീട്ടി 488 പുതിയ ബാറുകൾക്ക് അനുമതി നൽകുകയായിരുന്നുവെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി എം. ലിജു ചൂണ്ടിക്കാട്ടി. പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന പുതിയ മദ്യനയം വരുന്നത് വരെ ഒരു ബാറിനും ലൈസൻസ് നൽകരുതെന്ന് നിർദ്ദേശിച്ചിരുന്നു. സർക്കാരിന്റെ ഈ നയം ലംഘിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വരുംദിവസങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.



