വി.സിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കാലടി സർവകലാശാല അപ്പീലിലേക്ക്

മലപ്പുറം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വി.സി ഡോ. സിസ തോമസിനെതിരെ പ്രതിഷേധിച്ചതിന് സസ്‌പെൻഷനിലായ എസ്.എഫ്.ഐ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാൻ സർവകലാശാല നീക്കം. പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് സർവകലാശാലയുടെ തീരുമാനം. വരുന്ന ബുധനാഴ്ച പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളെ തടയാനായി സർവകലാശാല കോടതിയെ സമീപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. അതേസമയം, കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്ത വി.സിയുടെയും രജിസ്ട്രാറുടെയും നടപടിക്കെതിരെ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകുകയും കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

വി.സിക്കെതിരെയുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ട് 62 ദിവസം പിന്നിടുകയാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായി വെബ്‌സൈറ്റ് ശനിയാഴ്ചയോടെ തുറന്നുനൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11:30-ന് പോർട്ടൽ ലഭ്യമാക്കുമെന്ന് സർവകലാശാല അറിയിച്ചിരുന്നെങ്കിലും വൈകുന്നേരമായിട്ടും നടപടിയുണ്ടായില്ല. കോടതി വിധി മാനിക്കാത്ത സർവകലാശാലയുടെയും വി.സിയുടെയും നിലപാട് പ്രതികാര നടപടിയാണെന്ന ശക്തമായ വിമർശനം എസ്.എഫ്.ഐ ഉയർത്തുന്നുണ്ട്.

അതേസമയം, സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ വി.സിയെ ആക്രമിച്ചതിന് തെളിവുകളില്ലെന്ന് സർവകലാശാല നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയിലെ ഡോ. ജിനിത കെ.എസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിൻഡിക്കേറ്റ് യോഗത്തിനിടെ വിദ്യാർത്ഥികൾ തന്നെ മുടിക്കുത്തിൽ പിടിച്ച് വലിക്കുകയും കയ്യാങ്കളി നടത്തുകയും ചെയ്തുവെന്നായിരുന്നു സിസ തോമസിന്റെ പരാതി. എന്നാൽ സമിതിക്ക് കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളിൽ ആക്രമണത്തിന്റെ തെളിവുകളില്ലെന്നും, അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായ പരാതിക്കാരി സംഭവത്തിൽ കൂടുതലൊന്നും പറയാനില്ലെന്ന് വ്യക്തമാക്കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. പ്രതിഷേധവും നാടകീയ സംഭവങ്ങളും മാത്രമാണ് നടന്നതെന്നും കൈയേറ്റം ഉണ്ടായിട്ടില്ലെന്നും സ്വന്തം അന്വേഷണ സമിതി കണ്ടെത്തിയിട്ടും വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികളുമായി സർവകലാശാല മുന്നോട്ടുപോകുന്നത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles