ഡാകർ: വടക്കുപടിഞ്ഞാറൻ സെനഗൽ തീരത്ത് അഭയാർത്ഥികളും കുടിയേറ്റക്കാരുമായി സഞ്ചരിച്ച ചെറിയ ബോട്ട് മുങ്ങി കുറഞ്ഞത് 21 പേർ മരിച്ചു. അപകടത്തിൽപ്പെട്ട ഒരാളെ ജീവനോടെ രക്ഷപ്പെടുത്തിയതായും 21 മൃതദേഹങ്ങൾ വീണ്ടെടുത്തതായും സെനഗൽ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. തലസ്ഥാനമായ ഡാകറിനും വടക്കൻ നഗരമായ സെയിന്റ്-ലൂയിസിനും ഇടയിലുള്ള കെബെമർ വകുപ്പിലെ ലുംപൂൾ മണൽക്കൂനകൾക്ക് സമീപം ശനിയാഴ്ചയാണ് പൈറോഗ് വിഭാഗത്തിൽപ്പെട്ട ബോട്ട് മറിഞ്ഞത്. ലിയോണ, തീപ്പെ ജില്ലകളിൽ നിന്നുള്ള പ്രാദേശിക പൗരന്മാരാണ് ദുരന്തത്തിനിരയായവരിൽ ഭൂരിഭാഗവുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കാണാതായവർക്കായി തിരച്ചിൽ സജീവമായി തുടരുകയാണെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നതായും അധികൃതർ വ്യക്തമാക്കി. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് സ്പെയിനിന്റെ കനറി ദ്വീപുകൾ ലക്ഷ്യമാക്കി കടൽമാർഗ്ഗം നടത്തുന്ന അപകടകരമായ യാത്രകളിൽ സമീപവർഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഈ വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 635 പേർ ഈ പാതയിൽ മരണപ്പെട്ടതായി വാക്കിംഗ് ബോർഡേഴ്സ് എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
അതേസമയം, വൻതോതിൽ അഭയാർത്ഥി ബോട്ടുകൾ എത്തിച്ചേർന്നതിനെ തുടർന്ന് കനറി ദ്വീപിലെ എൽ ഹിയറോ മേഖലയിൽ സ്പാനിഷ് അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബർ തുടക്കം മുതൽ ഇതുവരെ 30 ഓളം ബോട്ടുകളിലായി 3,300-ലധികം ആളുകളാണ് എൽ ഹിയറോ തീരത്ത് എത്തിച്ചേർന്നത്.



