ജയ്പൂർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർമാരുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) അന്തിമ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയും തമ്മിൽ വൻ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി റിപ്പോർട്ട്. എസ്.ഐ.ആർ അന്തിമ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 5.15 കോടിയായി ചുരുങ്ങിയപ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പട്ടികയിൽ ഇത് 5.45 കോടിയാണെന്ന് പ്രമുഖ പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 30 ലക്ഷത്തോളം വോട്ടർമാരുടെ കുറവാണ് കേന്ദ്രീകൃത പട്ടികയിൽ ഉണ്ടായിരിക്കുന്നത്.
രണ്ട് ഔദ്യോഗിക പട്ടികകൾ തമ്മിലുള്ള ഈ വലിയ അന്തരം വോട്ടർമാർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അടിയന്തരമായി ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയിലെ ഇത്തരം പൊരുത്തക്കേടുകൾ ജനാധിപത്യ പ്രക്രിയയെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



