ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ 24 മണിക്കൂറിനുള്ളിൽ 269 പേർക്ക് പൊള്ളലേറ്റു. അപകടത്തിൽ 15 വയസ്സിൽ താഴെയുള്ള ഒരു കുട്ടി മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള അടിയന്തര വൈദ്യസഹായ കോളുകളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്.
അടിയന്തര സേവനമായ 108 ആംബുലൻസ് സംവിധാനത്തിലേക്ക് 24 മണിക്കൂറിനുള്ളിൽ ആകെ 16,079 സന്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 98 കോളുകൾ നേരിട്ട് പൊള്ളലേറ്റ സംഭവങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. കൂടാതെ വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അപകടങ്ങളുമായി ബന്ധപ്പെട്ട് 2,475 കോളുകളും നിസ്സാര പരിക്കുകളുമായി ബന്ധപ്പെട്ട് 396 കോളുകളും ലഭിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 1,283 ആംബുലൻസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരുന്നത്. ഇതിനിടെ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 1,387 പേരെ വിവിധ സർക്കാർ ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പൊള്ളലേറ്റവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ആകെ പൊള്ളലേറ്റവരിൽ 92 പേർക്ക് ഒ.പി ചികിത്സയും 76 പേർക്ക് കിടത്തിച്ചികിത്സയും നൽകി. കുട്ടികളിൽ 48 പേർ ഒ.പി വിഭാഗത്തിലും 17 പേർ കിടത്തിച്ചികിത്സയിലും പ്രവേശിക്കപ്പെട്ടു. സ്ത്രീകളിൽ 19 പേർക്ക് ഒ.പി ചികിത്സയും 17 പേർക്ക് കിടത്തിച്ചികിത്സയും നൽകേണ്ടിവന്നു. തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയത്. മധുര, ചെങ്കൽപട്ട്, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിലെ സർക്കാർ ആശുപത്രികളിലും നിരവധിയാളുകൾ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്.



