മുക്കത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് വെണ്ണക്കോട് കൈവേലിമുക്ക് ചെമ്പറ്റമലയിൽ അഷ്റഫിന്റെ മകൻ സി.എം. റിഷാദ് (20), അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ മുഹമ്മദ് നിഷാദ് (21) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മണാശ്ശേരി അമ്പലക്കണ്ടി റോഡിലെ തൂങ്ങുംപുറത്തുവെച്ചായിരുന്നു അപകടം.

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാണുന്നത് മൂന്നുപേരും റോഡിന്റെ മൂന്ന് ഭാഗങ്ങളിലായി തെറിച്ചുവീണ് കിടക്കുന്നതാണ്. ഉടൻതന്നെ ആംബുലൻസിൽ ഇവരെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിഷാദിന്റെയും നിഷാദിന്റെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിനാൻ എന്ന യുവാവിനെ കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

റസീലയാണ് മരിച്ച റിഷാദിന്റെ മാതാവ്. സഹോദരങ്ങൾ: റാഷിദ്, അദ്നാൻ. നസീലയാണ് മുഹമ്മദ് നിഷാദിന്റെ മാതാവ്. സഹോദരങ്ങൾ: നാഷിദ, നിയ ഫാത്തിമ. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles