നെയ്‌റോബി: കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണ് 12 പേർ മരിച്ചു. ക്വാല കൗണ്ടിയിലെ ടിസിംബ ഗോലിനിയിൽ ചൊവ്വാഴ്ച രാവിലെ 8:30 ഓടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. ഡിയാനി എന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് മാസായി മാര നാഷണൽ റിസർവിലെ കിച്ച്‌വ ടെംബോയിലേക്ക് പുറപ്പെട്ട 5വൈ-സിസിഎ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം പൂർണ്ണമായും തകർന്നു എന്നും ആരും രക്ഷപ്പെട്ടില്ലെന്നും കെനിയ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. തകർന്ന വിമാനത്തിൽ തീ പടർന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങൾ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. നേരത്തെ ഓഗസ്റ്റിലും നെയ്‌റോബിയിൽ ഒരു മെഡിക്കൽ എൻ.ജി.ഒയുടെ വിമാനം തകർന്നു വീണ് ആറ് പേർ മരിച്ചിരുന്നു.



