കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഏറ്റവും മുകൾനിലയിൽ തീപിടിത്തമുണ്ടായി. ഒ.പി. അടക്കമുള്ള വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒൻപതാം നിലയിലെ എ.സി. പ്ലാന്റിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽനിന്ന് രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
എട്ടാം നിലയിലെ രോഗികളെയാണ് ആദ്യ ഘട്ടത്തിൽ പുറത്തെത്തിച്ചത്. എ.സി. ഇൻസ്റ്റലേഷൻ ജോലിക്കിടെയാണ് തീ പടർന്നതെന്നാണ് വിവരം. ആശുപത്രിയുടെ മുകളിൽനിന്ന് വലിയ രീതിയിൽ പുകച്ചുരുൾ ഉയർന്നതോടെ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.



