ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായി യാത്രക്കാർ നേരിടുന്ന ദുരിതം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രാലയത്തിൻ്റെ ഏകോപനത്തിൽ 104 ട്രിപ്പുകൾ നടത്തേണ്ട ട്രെയിനുകളാണ് അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പട്‌ന, ഹൗറ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വർധിച്ച യാത്രാതിരക്ക് പരിഗണിച്ചാണ് ഈ നടപടി.
സെൻട്രൽ റെയിൽവേ, നോർത്തേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ എന്നിവയുൾപ്പെടെ വിവിധ സോണുകൾക്കായി ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വർധിച്ചാൽ പ്രത്യേക ട്രെയിനുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ഈ ട്രെയിൻ സർവീസുകളെക്കുറിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുന്നതിനായി ചില റെയിൽവേ ഡിവിഷനുകൾ അടുത്തുള്ള വിമാനത്താവളങ്ങളിൽ പോലും വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. തുടർച്ചയായ അഞ്ച് ദിവസങ്ങളിലെ ഇൻഡിഗോ വിമാനങ്ങളുടെ റദ്ദാക്കലും കാലതാമസവും കാരണം ആയിരക്കണക്കിന് യാത്രക്കാർക്കാണ് ബുദ്ധിമുട്ടുണ്ടായത്.



