വിശാഖപട്ടണം: ഓപ്പണർ യശസ്വി ജയ്‌സ്വാളിൻ്റെ തകർപ്പൻ കന്നി ഏകദിന സെഞ്ചുറിയുടെയും മുൻ നായകന്മാരായ രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ അർധസെഞ്ചുറികളുടെയും ബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിൻ്റെ ആധികാരിക വിജയം. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 116 റൺസുമായി ജയ്‌സ്വാളും 65 റൺസുമായി കോലിയും പുറത്താകാതെ നിന്നു. 75 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 111 പന്തിൽ സെഞ്ചുറി നേടിയ ജയ്‌സ്വാൾ, ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറി. രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിൻ്റൺ ഡി കോക്ക് സെഞ്ചുറി (106) നേടിയെങ്കിലും, കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ തകർക്കുകയായിരുന്നു.



