22.8 C
Saudi Arabia
Saturday, March 28, 2026
spot_img

ബംഗ്ലാദേശിൽ സംഘർഷം രൂക്ഷം; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

ധാക്ക: ബംഗ്ലാദേശിൽ മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണം രാജ്യത്തെ വീണ്ടും വലിയ അക്രമങ്ങളിലേക്ക് തള്ളിവിട്ടു. ഡിസംബർ 12-ന് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലക്ക് വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ഹാദിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ബംഗ്ലാദേശിലുടനീളം കടുത്ത ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ചിറ്റഗോംഗിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെ പ്രക്ഷോഭകാരികൾ ആക്രമണം നടത്തുകയും ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീടിന് മുന്നിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിനെത്തുടർന്ന് നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് ഇന്ത്യാ വിരുദ്ധ വികാരം ശക്തമാക്കിയത്. ഹസീനയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തിയത്. അക്രമകാരികൾ മാധ്യമ സ്ഥാപനങ്ങളെയും പ്രമുഖ പത്രങ്ങളുടെ ഓഫീസുകളെയും ലക്ഷ്യം വെയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ഹാദിയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച ഇടക്കാല സർക്കാർ ജനങ്ങൾ സംയമനം പാലിക്കണമെന്ന് അഭ്യർഥിച്ചു. എങ്കിലും പലയിടങ്ങളിലും സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണാതീതമാണ്.

Related Articles

- Advertisement -spot_img

Latest Articles